ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദനം; പ്രതികൾക്കെതിരെ വധശ്രമ വകുപ്പ് കൂടി ചുമത്തി
text_fieldsകോഴിക്കോട്: ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമ വകുപ്പ് കൂടി ചുമത്തി. ജിഷ്ണുവിനെ വെള്ളത്തിൽ മുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് വധശ്രമ വകുപ്പ് കൂടി ഉൾപ്പെടുത്തിയത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്.ഐ.ആറിലുണ്ട്. നേരത്തെ, കേസിൽ പ്രതികളായ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
എസ്.ഡി.പി.ഐയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലനിന്ന തർക്കമാണ് തൃക്കുറ്റിശ്ശേരി വാഴയിന്റെ വളപ്പിൽ ജിഷ്ണുവിന്റെ മർദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പാലോളി മുക്കിൽവെച്ച് കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ജിഷ്ണുവിനെ പിടികൂടിയ സംഘം മർദിച്ച ശേഷം മൂന്നു മണിയോടെയാണ് ബാലുശ്ശേരി പൊലീസിൽ ഏല്പിച്ചത്. ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിന് ജിഷ്ണുവിന്റെ പേരിൽ ബാലുശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഫ്ലക്സ് നശിപ്പിക്കാൻ വടിവാളുമായെത്തിയ ജിഷ്ണുവിനെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നുവെന്നും ബോർഡും കൊടിയും നശിപ്പിക്കാൻ പറഞ്ഞുവിട്ട സി.പി.എം പ്രാദേശിക നേതാക്കളുടെ പേര് ജിഷ്ണു വെളിപ്പെടുത്തിയെന്നും എസ്.ഡി.പി.ഐ പ്രവർത്തകർ പറയുന്നു.
അതേസമയം, പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ ബൈക്ക് തടഞ്ഞുനിർത്തി മൂന്നംഗ സംഘം ആദ്യം മർദിക്കുകയും പിന്നീട് കൂടുതൽ ആളുകളെ വിളിച്ചുവരുത്തി കൂട്ടമായി മർദിക്കുകയുമായിരുന്നുവെന്ന് ജിഷ്ണു പറയുന്നു. തോട്ടിലെ വെള്ളത്തിൽ തല പലതവണ മുക്കിയും വടിവാൾ കഴുത്തിൽവെച്ചും ഭീഷണിപ്പെടുത്തി. സി.പി.എം നേതാക്കൾ പറഞ്ഞിട്ടാണ് കൊടിതോരണങ്ങളും ബോർഡും നശിപ്പിച്ചതെന്നു നിർബന്ധിപ്പിച്ച് പറയിപ്പിക്കുകയും ഇത് വിഡിയോയിൽ പകർത്തുകയും ചെയ്തെന്നാണ് ജിഷ്ണു പൊലീസിൽ മൊഴി നൽകിയത്.
ഏതാനും മാസംമുമ്പ് പാലോളി മുക്കിലെ ആലേഖ ലൈബ്രറിക്കുനേരെ ആക്രമണമുണ്ടായിരുന്നു. വീടുകൾക്കുനേരെ നിരന്തര ആക്രമണം നടന്നതായും ലീഗിന്റെ കൊടിമരവും തോരണങ്ങളും നശിപ്പിച്ചതായും നേരത്തെതന്നെ പരാതി ഉയർന്നിട്ടുണ്ട്. ലീഗിനെയും എസ്.ഡി.പി.ഐയെയും തമ്മിലടിപ്പിച്ചു രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും ഇത്തരം ഹീനപ്രവർത്തനത്തിനു പിന്നിലെ നേതാക്കളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും എസ്.ഡി.പി.ഐ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.