കോഴിക്കോട് കോർപറേഷെൻറ 15.25 കോടി തട്ടിയ കേസ്; അഞ്ചാം നാളിലും ബാങ്ക് മാനേജറെ പിടിക്കാനാവാതെ പൊലീസ്
text_fieldsകോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടുകളിൽനിന്ന് 15.25 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ ബാങ്ക് മാനേജറെ അഞ്ചാം ദിവസവും പിടികൂടാനാവാതെ പൊലീസ്. പഞ്ചാബ് നാഷനൽ ബാങ്കിന്റെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് ശാഖയിലെ മുൻ സീനിയർ മാനേജർ മലയമ്മ സ്വദേശി ഏരിമല പരപ്പാറ വീട്ടിൽ എം.പി. റിജിലിനെയാണ് ഇതുവരെ കണ്ടെത്താനാവാത്തത്. ബാങ്കിലെ മറ്റു പല അക്കൗണ്ടുകളിൽനിന്നും ലക്ഷക്കണക്കിന് രൂപ നഷ്ടമായതായും വിവരമുണ്ട്. വൻ തുകയുടെ സ്ഥിരനിക്ഷേപമുള്ള അക്കൗണ്ട് ഉടമകൾ തങ്ങളുടെ പണവിവരങ്ങൾ അന്വേഷിച്ച് ബാങ്കിലെത്തുന്നുണ്ട്. ബാങ്ക് നടത്തിയ ഓഡിറ്റിൽ കൂടുതൽ കൃത്രിമങ്ങൾ ബോധ്യപ്പെട്ടെങ്കിലും അധികൃതർ പ്രതികരണത്തിന് തയാറായിട്ടില്ല.
ബാങ്കിലെ നിലവിലെ സീനിയർ മാനേജർ സി.ആർ. വിഷ്ണുവിന്റെ പരാതിയിൽ നവംബർ 29നാണ് എം.പി. റിജിലിനെതിരെ ടൗൺ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കോർപറേഷനെയും ബാങ്കിനെയും വഞ്ചിച്ച് 98,59,556 രൂപ കൈക്കലാക്കിയെന്ന പരാതിയിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 409, 420 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. എന്നാൽ, കോർപറേഷന്റെ മറ്റ് അക്കൗണ്ടുകൾ കൂടി പരിശോധിച്ചപ്പോഴാണ് 15.25 കോടി രൂപയാണ് തട്ടിയതെന്ന് വ്യക്തമായത്. കോർപറേഷന്റെ 14 അക്കൗണ്ടുകളിൽ ഏഴെണ്ണത്തിൽനിന്നാണ് ഇത്രയും തുക പിൻവലിച്ചത്. റിജിലിനെ സസ്പെൻഡ് ചെയ്ത് ബാങ്ക് അധികൃതർ തന്നെ പൊലീസിൽ പരാതി നൽകിയത് കൃത്യമായ തെളിവുകളോടെയാണ്. പണം നഷ്ടമായെന്നുകാണിച്ച് കോർപറേഷൻ സെക്രട്ടറി കെ.യു. ബിനിയും പരാതി നൽകി. എന്നിട്ടും ധ്രുതഗതിയിലുള്ള അന്വേഷണം നടന്നില്ല.
റിജിലിന്റെ അറസ്റ്റ് വൈകിപ്പിച്ചത് ഇയാൾക്ക് ഒളിവിൽ പോകാനും മുൻകൂർ ജാമ്യാപേക്ഷ നൽകാനും അവസരമൊരുക്കി. ഒളിവിലിരുന്ന് ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസ് റിപ്പോർട്ട് തേടിയിരിക്കുകയാണ് കോടതി. അപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേസിന്റെ അന്വേഷണം ശനിയാഴ്ച ഏറ്റെടുത്തതായും ബാങ്ക്, കോർപറേഷൻ അധികൃതരിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും പ്രതി എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ ടി.എ. ആന്റണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.