ആത്മഹത്യ ചെയ്ത യുവതിയുടെ ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാട്: പണം പോയത് ഓൺലൈൻ റമ്മിവഴിയെന്ന്
text_fieldsകൊയിലാണ്ടിയിൽ ആത്മഹത്യ ചെയ്ത യുവതി ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാട് നടത്തിയതായി പൊലീസ്. ഡിസംബർ 12-ന് ആണ് കൊയിലാണ്ടിയിലെ മലയിൽ ബിജിഷയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. പണം തീർത്തും നഷ്ടമായത് ഓൺലൈൻ റമ്മിയിലൂടെയാണെന്നാണ് വിലയിരുത്തൽ. ഇതനുസരിച്ച് ഓൺലൈൻ റമ്മി കമ്പനികൾക്ക് ഇവരുടെ ഇടപാട് സംബന്ധിച്ച വിവരങ്ങൾ നൽകാനാവശ്യപ്പെട്ട് അന്വേഷണ സംഘം സമീപിച്ചിരിക്കുകയാണ്. എന്നാലിതുവരെ ലഭിച്ചില്ല. പലരോടും പണം ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞ് ഇവർ പണം വാങ്ങിയിരുന്നു. എല്ലാം പിടിവിട്ടുപോയ സാഹചര്യത്തിലായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന അനുമാനത്തിലാണ് പൊലീസ്.
ബിജിഷയുടെ മരണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. യു.പി.ഐ ആപ്പുകൾ വഴിയാണ് പണമിടപാടുകളെല്ലാം നടത്തിയത്.
ഇത്രയും രൂപയുടെ ഇടപാട് നടത്തിയത് എന്തിനാന്നോ ആർക്ക് വേണ്ടിയാണെന്നോ വീട്ടിലുള്ളവർക്കോ സുഹൃത്തുകൾക്കോ ഒന്നുമറിയില്ല. ബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ചിരുന്ന 35 പവൻ സ്വർണവും വീട്ടുകാർ അറിയാതെ അവർ ബാങ്കിൽ പണയം വെച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇത്രയും പണം എന്തിന് ചെലവഴിച്ചതെന്നതിനെ കുറിച്ച് തുടക്കത്തിൽ ആർക്കും മനസിലായിരുന്നില്ല. എന്നാൽ, പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് കാര്യങ്ങൾ ക്ക് വ്യക്തത വന്നത്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
പണത്തിന്‍റെ ഇടപാടുകളെല്ലാം ഗൂഗിൾ പേ പോലുള്ള യു.പി.ഐ ആപ്പുകൾ വഴിയാണെന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിൽ ജോലി ചെയ്ത് വരികയായിരുന്നു ബി.എഡ് ബിരുദധാരിയായ ബിജിഷ.
ഡിസംബർ 12 ന് പതിവ് പോലെ ജോലിക്ക് പോയ ബിജിഷ തിരിച്ച് വന്ന ശേഷമാണ് കൊയിലാണ്ടിയിലെ വീട്ടിൽ തൂങ്ങി മരിക്കുന്നത്. യു.പി.ഐ ആപ്പുകൾ വഴി പണമിടപാട് നടത്തിയതിന്റെ തെളിവുകളെല്ലാം നശിപ്പിക്കാനുള്ള ശ്രമവും ബിജിഷ നടത്തിയിരുന്നുവെന്നും ഇതിൽ ദുരൂഹത തോന്നിയതിനെ തുടർന്നാണ് പൊലീസ് ബാങ്കിലെത്തി പണമിടപാടിന്റെ വിവരങ്ങൾ ശേഖരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.