ബാറിൽ അടിയുണ്ടാക്കി വിദേശത്തേക്ക് കടന്നു; ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ്
text_fieldsചേലക്കര: ബാറിൽ അടിയുണ്ടാക്കി വിദേശത്തേക്ക് കടന്നയാളെ ഇന്റർപോളിന്റെ സഹായത്തോടെ ചേലക്കര പൊലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. 2019 ഒക്ടോബറിൽ ചേലക്കര അരമന ബാറിൽ അടിയുണ്ടാക്കി മുങ്ങിയ രണ്ടാം പ്രതി പുലാക്കോട് അന്തിക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണനാണ് (ബാലൻ -38) അറസ്റ്റിലായത്.
വധശ്രമത്തിന് കേസ് ചുമത്തിയ പ്രതിക്കുവേണ്ടി പൊലീസ് രണ്ടുതവണ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും കീഴടങ്ങാതെ വന്നതോടെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഇതോടെ ദുബൈയിലായിരുന്ന പ്രതിയെ ഇന്റർപോൾ അറസ്റ്റ് ചെയ്ത് എട്ട് മാസം ജയിലിലടച്ചു.
കഴിഞ്ഞ ബുധനാഴ്ച ഇൻറർപോൾ ഡൽഹിയിലെത്തിച്ച ഇയാളെ ചേലക്കര പൊലീസ് അവിടെ ചെന്നാണ് അറസ്റ്റ് ചെയ്ത് നാട്ടിൽ കൊണ്ടുവന്നത്. കേസിൽ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. നാലുപേരെ അറസ്റ്റ് ചെയ്ത് റിമാൻഡിന് അയച്ചിരുന്നു. ബാറിലുണ്ടായ അടിപിടിയിൽ സതീഷ് മണി എന്ന യുവാവിന് സാരമായി പരിക്കേൽക്കുകയും നാല് പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം ഗോപാലകൃഷ്ണൻ ഒറ്റപ്പാലത്തുനിന്ന് ട്രെയിനിൽ ചെന്നൈയിലെത്തുകയും അവിടെനിന്ന് സുഹൃത്തിന്റെ സഹായത്തോടെ ദുബൈയിലേക്ക് കടക്കുകയുമായിരുന്നു.
ഇയാളെ രക്ഷപ്പെടാൻ സഹായിച്ചയാളെ അഞ്ചാം പ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ നടക്കുകയാണ്. നാട്ടിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ ബാലകൃഷ്ണൻ അറിയിച്ചു. എസ്.ഐ ആനന്ദ്, സി.പി.ഒമാരായ നൗഫൽ, ഷൈൻ രാജ് എന്നിവരാണ് പ്രതിയെ ഡൽഹിയിലെത്തി അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.