ഗൃഹനാഥനെ മർദിച്ച് കൊലപ്പെടുത്തിയ കേസ്: അയൽവാസിയും മക്കളും അറസ്റ്റിൽ
text_fieldsകണ്ണൂർ: വാഹനം കഴുകിയ മലിനജലം റോഡിലേക്ക് ഒഴുക്കിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഗൃഹനാഥനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസികളായ പിതാവും ആൺമക്കളും അന്തർസംസ്ഥാന തൊഴിലാളിയും അറസ്റ്റിൽ. തുളിച്ചേരി നമ്പ്യാർ മൊട്ടയിലെ അമ്പൻ കേളോത്തുംകണ്ടി അജയകുമാറിനെ കൊലപ്പെടുത്തിയ കേസിൽ നമ്പ്യാർമൊട്ടയിലെ ഓട്ടോ ഡ്രൈവർ ടി. ദേവദാസ്, മക്കളായ സഞ്ജയ് ദാസ്, സൂര്യദാസ്, അസം സ്വദേശിയും കാറ്ററിങ് തൊഴിലാളിയുമായ അസദുൽ ഇസ്ലാം എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
ദേവദാസിന്റെ വീട്ടിലെ വാഹനം കഴുകിയ മലിനജലം റോഡിലേക്ക് ഒഴുക്കിയത് അജയകുമാർ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ച വൈകീട്ട് നടന്ന പ്രശ്നം നാട്ടുകാർ ഇടപെട്ട് പറഞ്ഞുതീർത്തെങ്കിലും ദേവദാസും മക്കളും അന്തർസംസ്ഥാന തൊഴിലാളിയും രാത്രി സംഘംചേർന്നെത്തി വീടിനടുത്തുള്ള കടവരാന്തയിൽ ഇരുന്ന അജയകുമാറിനെ ആക്രമിക്കുകയായിരുന്നു. കാറ്ററിങ് ജോലിക്ക് പോയ സമയത്ത് പ്രതികൾ പരിചയപ്പെട്ട അസദുൽ ഇസ്ലാമിനെയും കൂടെക്കൂട്ടി.
ഹെൽമറ്റ്, വടി, കല്ല്, കസേര എന്നിവ ഉപയോഗിച്ചാണ് മർദിച്ചത്. തടയാൻ ശ്രമിച്ച സുഹൃത്ത് പ്രവീണിനെയും ആക്രമിച്ചു. പരിക്കേറ്റ് റോഡിൽ വീണിട്ടും മർദനം തുടർന്നു. അബോധാവസ്ഥയിൽ റോഡിൽ കിടന്ന ഇരുവരെയും നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അജയകുമാറിനെ രക്ഷിക്കാനായില്ല.
മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു. കൊലപാതകത്തെതുടർന്ന് പ്രതികളുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും ഓട്ടോറിക്ഷയും അജ്ഞാതർ തകർത്തു. അജയകുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ച ശേഷമാണ് വാഹനങ്ങൾക്കുനേരെ ആക്രമണമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.