അജ്ഞാത കോൾ വരുമ്പോൾ ജാഗ്രത
text_fieldsയു.എസിൽനിന്നും ഇറാനിൽ നിന്നും മറ്റു പല രാജ്യങ്ങളിൽ നിന്നുമെല്ലാം അജ്ഞാത ഇന്റർനാഷനൽ കോളുകൾ വരുന്നത് ഈയിടെയായി വർധിച്ചത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് നിങ്ങൾക്കു മാത്രമല്ല, വൻ റാക്കറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന സങ്കീർണമായ തട്ടിപ്പിന്റെ വ്യാപ്തി വർധിച്ചതാണ് കാരണം. അജ്ഞാത നമ്പറിൽ നിന്നുള്ള അന്താരാഷ്ട്ര കോളുകൾ എടുക്കുന്നത് പരമാവധി ഒഴിവാക്കുകയാണ് അപകടമൊഴിവാക്കാൻ പ്രാഥമികമായി ചെയ്യാനുള്ളത്. മറ്റൊരു രാജ്യത്തു പോകാതെതന്നെ സിം കാർഡുകൾ സംഘടിപ്പിക്കാൻ സാധിക്കുമെന്നതിനാൽ ഇന്ത്യക്കകത്തു നിന്നുതന്നെയായിരിക്കും ഇത്തരം മിക്ക തട്ടിപ്പ് ഐ.എസ്.ഡി കോളുകളും വരുന്നത്.
ഫോണെടുക്കും മുമ്പേ ശ്രദ്ധിക്കാൻ
● എല്ലാ അജ്ഞാത അന്താരാഷ്ട്ര കോളുകളും തട്ടിപ്പായിരിക്കില്ല, എന്നാൽ മിക്കതും അതാകാൻ സാധ്യതയുണ്ട്. അജ്ഞാത അന്താരാഷ്ട്ര മിസ്ഡ് കോളിൽ തിരിച്ചുവിളിക്കാതിരിക്കുന്നതാണ് സുരക്ഷിതം. നമ്പർ പറഞ്ഞുതരുന്ന ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്.
●ചിലർ മിസ്ഡ് കോൾ വഴിയായിരിക്കും തുടങ്ങുക. തിരിച്ചു വിളിച്ചാൽ പണി തുടങ്ങും. കൊറിയർ കമ്പനിയിൽ നിന്നാണെന്നും നിങ്ങൾക്കുള്ള പാർസലിനെ കുറിച്ചുള്ള അപ്ഡേഷനാണെന്നും പറഞ്ഞായിരിക്കും ചിലപ്പോൾ വിളി. ചിലർ നിരവധി തവണ വിളിച്ച് അപ്ഡേറ്റ് ചെയ്ത് വിശ്വാസം നേടാൻ ശ്രമിക്കും.
● +91 എന്ന കോഡ് അല്ലാതെ തുടങ്ങുന്ന അജ്ഞാത നമ്പറുകൾ കട്ട് ചെയ്യുന്നതാണ് നല്ലതെന്ന് സൈബർ സുരക്ഷ വിദഗ്ധർ പറയുന്നു.
+92 (പാകിസ്താൻ), +84 (വിയറ്റ്നാം), +62 (ഇന്തോനേഷ്യ), +1 (യു.എസ്.എ), +98 (ഇറാൻ) എന്നീ നമ്പറുകളിൽ തുടങ്ങുന്ന അജ്ഞാത കോളുകൾ എടുക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ചില നമ്പറുകളുടെ കോൾ നിരക്ക് നമ്മുടെ കൈയിൽ നിന്നാണ് ഈടാക്കുക.
● ഒന്നിലേറെ അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് വിളി വരുന്നുണ്ടെങ്കിൽ സൂക്ഷിക്കണം. വലിയ ഡേറ്റാബേസ് ചോർച്ചയിൽ നിങ്ങളുടെ വിവരങ്ങളും ചോർന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. DND എനേബിൾ ചെയ്യുന്നത് അജ്ഞാത കോളുകൾ കുറക്കാൻ സഹായിക്കും.
● വാട്സ് ആപ് വഴിയും ഇത്തരം കോളുകൾ വരാം. അജ്ഞാത കോളുകൾ നിശ്ശബ്ദമാക്കാനുള്ള ഓപ്ഷൻ നൽകിയാൽ ഓട്ടോമാറ്റിക് ആയി അവ ബ്ലോക്ക് ആയിക്കോളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.