‘മകനെ പൊലീസ് കൊലപ്പെടുത്തിയതിന് പിന്നിൽ വൻ ഗൂഢാലോചന’; ആരോപണവുമായി ബദ്‍ലാപൂർ സ്കൂൾ ലൈംഗികാതിക്രമക്കേസ് പ്രതിയുടെ മാതാവ്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ബദ്‍ലാപൂരിൽ സ്കൂൾ ടോയ്‍ലറ്റിൽ നാലും അഞ്ചും വയസ്സുള്ള കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അക്ഷയ് ഷിണ്ഡെയെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തിൽ വൻ ഗൂഢാലോചനയെന്ന് കൊല്ലപ്പെട്ടയാളുടെ മാതാവ്. പൊലീസ് മകനെ മനഃപൂർവം കൊലപ്പെടുത്തുകയായിരുന്നെന്ന് ആരോപിച്ച അവർ, പൊലീസിനൊപ്പം സ്കൂൾ മാനേജ്മെന്റിന് നേരെയും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് വരെ മൃതദേഹം സ്വീകരിക്കില്ലെന്നും അവർ അറിയിച്ചു.
‘അക്ഷയ് ഷിണ്ഡെയുടെ കൊലപാതകത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. അവന് എങ്ങനെയാണ് പൊലീസിനെ വെടിവെക്കാനാവുക. പൊലീസ് മകനെ കൊലപ്പെടുത്തുകയായിരുന്നു. പൊലീസിനൊപ്പം സ്കൂൾ മാനേജ്മെന്റിന് നേരെയും അന്വേഷണം വേണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് വരെ മൃതദേഹം സ്വീകരിക്കില്ല. കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ ക്രൂര മർദനത്തിനിരയായതായി മകൻ തന്നോട് പറഞ്ഞിരുന്നു’ -മാതാവ് പറഞ്ഞു.
ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ അക്ഷയ് ഷിണ്ഡെയെ തലോജ ജയിലിൽനിന്ന് തെളിവെടുപ്പിനായി വാഹനത്തിൽ ബദ്‍ലാപൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. പൊലീസ് ഓഫിസർമാരിൽ ഒരാളുടെ തോക്ക് തട്ടിപ്പറിച്ച് പ്രതി വെടിയുതിർത്തപ്പോൾ തിരിച്ച് വെടിവെക്കുകയായിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം. ഗുരുതര പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിരുന്നു.
സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന പ്രതിപക്ഷ വിമർശനത്തെ തുടർന്ന് ന്യായീകരണവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയിട്ടുണ്ട്. പൊലീസുകാർ സ്വയരക്ഷക്കായാണ് പ്രതിക്ക് നേരെ വെടിയുതിർത്തതെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ഫഡ്നാവിസിന്റെ പ്രതികരണം. ‘പ്രതിപക്ഷം ഒരേ വിഷയത്തിൽ പലപ്പോഴായി പല സമീപനം സ്വീകരിക്കുകയാണ് ചെയ്യുന്നത്. പ്രതിയെ തൂക്കിക്കൊല്ലണമെന്ന് അവർ മുറവിളി കൂട്ടിയിരുന്നു. എന്നാലിപ്പോൾ അയാൾ പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കൊല്ലപ്പെട്ടു. പൊലീസുകാർക്ക് അവരുടെ സ്വയരക്ഷയും നോക്കേണ്ടേ? ഇതൊരു വലിയ പ്രശനമാക്കുന്നത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്തിനും ഏതിനും വിമർശിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്’ -എന്നിങ്ങനെയായിരുന്നു ഫഡ്നാവിസിന്റെ പ്രതികരണം.
സ്കൂളിൽ ജീവനക്കാരനായിരുന്ന ഷിണ്ഡെ ലൈംഗികാതിക്രമം നടത്തിയതിന് ആഗസ്റ്റ് 17നാണ് അറസ്റ്റിലാകുന്നത്. അന്വേഷണത്തിൽ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി നാട്ടുകാർ ട്രെയിൻ തടയൽ ഉൾപ്പടെയുള്ള പ്രതിഷേധത്തിനിറങ്ങുകയും പ്രതിപക്ഷ പാർട്ടികൾ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തതോടെ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറിയിരുന്നു. സംഭവം ഉടൻ പൊലീസിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ സ്കൂൾ ചെയർമാനും സെക്രട്ടറിക്കുമെതിരെ പോക്സോ കേസ് ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.