കായംകുളത്ത് വൻ മയക്കുമരുന്നുവേട്ട; അഞ്ചുപേർ പിടിയിൽ
text_fieldsആലപ്പുഴ: കായംകുളത്ത് വൻ മയക്കുമരുന്ന് വേട്ട, എം.ഡി.എം.എയുമായി നിരവധി ക്രിമിനൽ കേസ് പ്രതിയായ കായംകുളം പള്ളിമുക്ക് ചാലയിൽ അമൽ ഫറൂക്ക് (മോട്ടി -21), ഐക്യ ജങ്ഷനിൽ മദീന മൻസിൽ ഷാലു (24), ഫിറോസ് മൻസിൽ ഫിറോസ് (22), കണ്ണമ്പള്ളി തെക്കതിൽ അനന്തു (21), പ്രദാങ്ങ്മൂട് ജങ്ഷനിൽ കടയ്‌ശ്ശേരിൽ അർഷിദ് (24) എന്നിവരാണ് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും കായംകുളം പൊലീസിന്റെയും പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 15 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മുംബൈ, ഗോവ എന്നിവിടങ്ങളിൽനിന്ന് വൻതോതിൽ സിന്തറ്റിക് ലഹരി കേരളത്തിലേക്ക് കടത്തുന്ന സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുകയായിരുന്നു.
ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ട്രെയിനിൽ വന്നിറങ്ങി വീട്ടിലേക്ക് പോകാൻ വാഹനം കാത്തു നിൽക്കുന്നതിനിടെ ഇവർ പിടിയിലാകുന്നത്.കായംകുളം ഐക്യ ജങ്ഷൻ കേന്ദ്രീകരിച്ച് ക്വട്ടേഷൻ സംഘങ്ങൾക്കാണ് ലഹരിമരുന്ന് നൽകുന്നത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈ.എസ്.പി അലക്‌സ്‌ബേബിയും കായംകുളം പൊലീസ് ഇൻസ്‌പെക്ടർ വൈ. മുഹമ്മദ് ഷാഫിയും സംഘവുമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.