ബൈക്ക് അഭ്യാസം: നടപടിയുമായി മോട്ടോർ വാഹനവകുപ്പ്
text_fieldsകരുനാഗപ്പള്ളി: ബൈക്ക് അഭ്യാസ പ്രകടനത്തിനെതിരെ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. വലിയഴീക്കൽ പുതിയ പാലത്തിൽ കഴിഞ്ഞ ദിവസം അപകടകരമായി ബൈക്ക് റേസ് നടത്തിയതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ യുവാക്കൾക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ആഴ്ചയിൽ തിരുവനന്തപുരത്ത് ബൈക്ക് റേസിങ്ങിനെ തുടർന്ന് അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചിരുന്നു. ഇതിനെതുടർന്ന് ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം സംസ്ഥാനത്തുടനീളം ഇത്തരം റേസിനെതിരെ കർശന പരിശോധന നടന്നുവരികയാണ്. ഇതിനിടയിലാണ് വലിയഴീക്കൽ പാലത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ഇതിനെതുടർന്ന് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം കരുനാഗപ്പള്ളി സ്ക്വാഡ് രണ്ടുദിവസമായി നടത്തിയ അനേഷണത്തിലും വാഹന പരിശോധനയിലും സമാനരീതിയിലുള്ള അഭ്യാസ പ്രകടനങ്ങൾ നടത്തിയ യുവാക്കൾക്കെതിരെ നടപടിയെടുത്തു.
നടപടി ഭയന്ന് യുവാക്കൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ ഡിലീറ്റ് ചെയ്തിരുന്നു. വലിയഴീക്കൽ പാലത്തിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ പല വാഹനങ്ങളിലും നമ്പർ പ്ലേറ്റുകൾ മാറ്റിയനിലയിലും സൈലൻസറുകൾ രൂപമാറ്റം വരുത്തിയ നിലയിലുമാണെന്ന് അധികൃതർ പറഞ്ഞു. പാലത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച മൂന്ന് പേരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ റിപ്പോർട്ട് നൽകും.
ശനിയാഴ്ച നടന്ന വാഹന പരിശോധനയിൽ 15 വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും 42000 രൂപ പിഴ ചുമത്തുകയും ചെയ്തു. അപകടകരമായി വാഹനമോടിച്ച് സോഷ്യൽ മീഡിയ പേജുകളിൽ വിഡിയോ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ പേജുകൾ ഇനിമുതൽ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും വരും ദിവസങ്ങളിൽ ജില്ലയിലുടനീളം കർശന വാഹന പരിശോധന വ്യാപിപ്പിക്കുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എച്ച്. അൻസാരി അറിയിച്ചു.
വലിയഴീക്കൽ പാലത്തിലെ സംഭവവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് എം.വി.ഐ കെ. ദിലീപ് കുമാർ, എ.എം.വി.ഐമാരായ ജയകുമാർ, ലിജേഷ്, ഡ്രൈവർ ഡാനി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.