കല്ലമ്പലത്ത് ബൈക്ക് കവർച്ച വ്യാപകം; അന്വേഷണത്തിൽ വീഴ്ച
text_fieldsകല്ലമ്പലം: പെട്രോൾ പമ്പിൽനിന്ന് ബൈക്ക് കവർന്നിട്ട് രണ്ടാഴ്ച ആയിട്ടും പൊലീസ് അന്വേഷണം എങ്ങും എത്തുന്നില്ല. ആറുമാസത്തിനിടെ നിരവധി ഇരുചക്ര വാഹനങ്ങളാണ് കവർന്നത്. ദേശീയപാതയിൽ നാവായിക്കുളം തട്ടുപാലത്ത് പെട്രോൾ പമ്പിൽനിന്ന് രണ്ടംഗ സംഘം കവർന്ന ബൈക്കാണ് കണ്ടെത്താനാകാത്തത്. സി.സി.ടി.വി നിരീക്ഷണത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പിൽനിന്ന് ജൂൺ ഒന്നിന് പുലർച്ച 3.10 നാണ് പാർക്ക് ചെയ്തിരുന്ന ബൈക്ക് കവർച്ച ചെയ്യപ്പെട്ടത്. കഴിഞ്ഞ 10 വർഷമായി പമ്പിൽ ജോലി ചെയ്യുന്ന ഞാറയിൽക്കോണം അയിഷ ബൈത്തിൽ ഷമീറിന്റെ 2013 മോഡൽ കെ.എൽ 16 എൽ 4811 ഹോണ്ട ഡ്രീം യുഗ ബൈക്കാണ് കവർന്നത്. പതിവുപോലെ ജോലിയിൽ പ്രവേശിച്ചപ്പോൾ ഷമീർ ബൈക്ക് പമ്പിന്റെ ഒരു വശത്ത് പാർക്ക് ചെയ്യുകയായിരുന്നു.
പുലർച്ച രണ്ടുപേർ ഒരു ബൈക്ക് ഉരുട്ടിക്കൊണ്ട് പമ്പിൽ വരുകയും ഈ ബൈക്ക് അവിടെ ഉപേക്ഷിച്ച ശേഷം പരിസരം വീക്ഷിക്കുകയും തുടർന്ന് ഷമീറിന്റെ ബൈക്ക് ഉരുട്ടി പാർക്ക് ചെയ്തിരുന്ന ഒരു സ്വകാര്യ ബസിന്റെ മറവിൽ എത്തിച്ച് സ്റ്റാർട്ടാക്കി പോകുകയായിരുന്നു. സി.സി.ടി.വിയിലുള്ള ഈ ദൃശ്യങ്ങളടക്കം കല്ലമ്പലം പൊലീസിൽ പരാതി നൽകി. രണ്ടാഴ്ച ആയിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. കല്ലമ്പലം മേഖലയിൽ നിരവധി ഇരുചക്രവാഹനങ്ങൾ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ സമാനമായ രീതിയിൽ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പമ്പിൽ മോഷ്ടാക്കൾ ഉപേക്ഷിച്ച ബൈക്കും കല്ലമ്പലത്ത് മറ്റൊരു സ്ഥലത്ത്നിന്ന് കവർന്നതാണെന്ന് തെളിഞ്ഞു. സംഭവത്തിന് പിന്നിൽ അന്തർ സംസ്ഥാന തൊഴിലാളികളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. വെറുമൊരു ബൈക്ക് മോഷണം എന്നതിലുപരി വലിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇത്തരത്തിൽ കവർച്ച ചെയ്യുന്ന വാഹനങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത് വാഹനം നഷ്ടപ്പെട്ടവരെ കൂടുതൽ ആശങ്കപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.