വലവിരിച്ച് ബ്ലേഡ് മാഫിയ: ഇരകൾ ആത്മഹത്യയുടെ വക്കിൽ
text_fieldsഅടിമാലി: വട്ടിപ്പലിശക്കാര്‍ ജില്ലയില്‍ വീണ്ടും വലവിരിക്കുന്നു. ഓപറേഷന്‍ കുബേര ഉള്‍പ്പെടെ കഴുത്തറപ്പന്മാരെ കെട്ടുകെട്ടിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടിക്ക് വീര്യം ഇല്ലാതായതാണ് ബ്ലേഡ് മാഫിയ വീണ്ടും തലപൊക്കാന്‍ കാരണം. കൊള്ളപ്പലിശക്ക് പണം കടംകൊടുക്കുന്നവർ ഇടപാടുകാരെ കള്ളക്കേസുകളിൽ കുടുക്കുന്ന സംഭവങ്ങളും അടുത്തകാലത്തായി ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ബ്ലോഡ് മാഫിയക്കെതിരെ നടപടി ശക്തമെന്ന് പൊലീസ് പറയുമ്പോഴും കഴിഞ്ഞ നാലുമാസത്തിനിടെ ഇത്തരക്കാർക്കെതിരെ ഒരു കേസുപോലും എടുത്തിട്ടുമില്ല. ഓപറേഷന്‍ കുബേരയുടെ ഭാഗമായി ജില്ലയില്‍ വിവിധ സ്‌റ്റേഷനുകളില്‍ നടപടി ശക്തമാക്കിയപ്പോള്‍ നാടുവിട്ട വട്ടിപ്പലിശക്കാര്‍ എല്ലാംതന്നെ മടങ്ങിയെത്തി. എടുത്ത കേസുകളുടെ തുടരന്വേഷണവും പാതിവഴിയില്‍ നിലച്ചനിലയിലാണ്.
നിയമനടപടി അസ്തമിച്ചതോടെ കുബേരന്മാര്‍ വീണ്ടും സജീവമായി തുടങ്ങി. ഇപ്പോള്‍ ഒറ്റപ്പെട്ട നിലയില്‍ സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഇടനിലക്കാരന്‍റെ റോളില്‍ ഇരുകൂട്ടരെയും ചര്‍ച്ചയ്ക്ക് വിളിച്ച് 'വിദഗ്ധ' ഉപദേശം നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. ദിവസ തിരിച്ചടവ്, ആഴ്ചതിരിച്ചടവ്, മാസ തിരിച്ചടവ് തുടങ്ങി നിരവധി തന്ത്രങ്ങളിലൂടെയാണ് വട്ടിപ്പലിശക്കാരുടെ പണമിടപാടുകള്‍. ഇരകളിൽ കൂടുതലും സ്ത്രീകളാണ്. തിരിച്ചടവ് കൃത്യമായിരിക്കുമെന്നതാണ് സ്ത്രീകളുടെ പേരില്‍ വായ്പനല്‍കാന്‍ കാരണം. ഇതിനുപുറമെ ചില സ്വകാര്യ ചിട്ടിക്കമ്പനികള്‍ക്കെതിരെയും പരാതി വ്യാപകമാണ്. 100 ദിവസത്തേക്ക് 10,000 രൂപക്ക് 3000 രൂപയാണ് ഇവരുടെ പലിശ.
ക്യത്യമായി മുതലും പലിശയും നല്‍കിയില്ലെങ്കില്‍ നിശ്ചിത തീയതിയില്‍ എത്തുന്ന സംഘം വീണ്ടും വായ്പ നല്‍കും. നേരത്തേ നല്‍കിയ വായ്പയുടെ പലിശയും മുതലും ഇതിൽനിന്ന് ഈടാക്കും. ഇത് ഒന്നോ രണ്ടോ ആവര്‍ത്തി കഴിയുമ്പോള്‍ വായ്പയെടുത്തയാൾ വന്‍ ബാധ്യതയില്‍ അകപ്പെടും. ഇതോടെ പ്രാദേശിക ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തിരികെവാങ്ങുന്നത്. ദിവസം തിരിച്ചടക്കുന്നവര്‍ 10,000 രൂപ വായ്പയെടുത്താൽ 100 ദിവസം കൊണ്ട് 13,500 രൂപ തിരിച്ചടക്കണം. ദിവസവും അടക്കേണ്ട തുക മുടങ്ങിയാല്‍ ഭീഷണി തുടങ്ങും. ചെക്കും എഴുതാത്ത മുദ്രപ്പത്രങ്ങളും നല്‍കണം. ഇല്ലെങ്കില്‍ വായ്പ നല്‍കില്ല. സ്ത്രീകൾക്ക് വായ്പ നൽകിയശേഷം വായ്പ തുകയുടെ പതിന്മടങ്ങ് ഈടാക്കാൻ അവർക്കെതിരെ ചെക്ക് കേസ് നൽകുന്നത് പതിവാക്കിയ ബ്ലേഡ് സ്ഥാപന നടത്തിപ്പുകാരനെ അടുത്തിടെ തൊടുപുഴയിൽ അറസ്റ്റ് ചെയ്തിരുന്നു. കോവിഡും പ്രളയവും തീര്‍ത്ത പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഹൈറേഞ്ചില്‍ ബ്ലേഡുകാരുടെ ഇടപെടല്‍ കൂടിയാകുമ്പോള്‍ സാധാരണക്കാർ നട്ടംതിരിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.