ബോംബെറിഞ്ഞ കേസിലെ പ്രതി: 28 വർഷത്തിനുശേഷം പിടിയിൽ
text_fieldsവണ്ടൂർ: സി.പി.എം പ്രവർത്തകർക്കു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി 28 വർഷത്തിനുശേഷം പൊലീസ് പിടിയിൽ. കാരാട് കരിമ്പൻതൊടി സ്വദേശി ചന്ദ്രശേഖരൻ എന്ന മണിയെയാണ് (59) പതിറ്റാണ്ടുകൾക്കു ശേഷം വണ്ടൂർ പൊലീസ് തൃശൂരിൽനിന്ന് പിടികൂടിയത്. 1993 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.
വഴിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് സി.പി.എം കരിമ്പൻതൊടി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മംഗലശേരി വേലുക്കുട്ടി എന്ന സുന്ദരൻ (65), സഹോദരൻ സുരേഷ് കുമാർ (50) എന്നിവർക്കു നേരെ ചന്ദ്രശേഖരൻ ബോംബെറിഞ്ഞത്. ഈ സംഭവത്തിന് ഒരു മാസംമുമ്പ് സി.പി.എം അംഗമായിരുന്ന പരേതനായ പട്ടര് കടവൻ മുഹമ്മദിനെ ചന്ദ്രശേഖരൻ കുത്തി പരിക്കേൽപിക്കുകയും ചെയ്തിരുന്നു.
ഇതിന് തുടർച്ചയായാണ് ചന്ദ്രശേഖരൻ സി.പി.എം പ്രവർത്തകർക്കു നേരെ ബോംബെറിഞ്ഞത്. തുടർന്ന് നാട്ടുകാർ ഇദ്ദേഹത്തിന്റെ വീട് വളയുകയും ചെയ്തു. പിന്നീട് പൊലീസെത്തി പരിശോധിച്ചപ്പോൾ വീട്ടിലെ ടോയ്ലറ്റിൽനിന്ന് ബോംബ് കണ്ടെത്തുകയും ചെയ്തു. എന്നാൽ, സംഭവശേഷം മുഹമ്മദിനെ കുത്തി പരിക്കേൽപിച്ച കേസിൽ ശിക്ഷിക്കപ്പെടുമെന്ന ഘട്ടത്തിൽ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പിന്നീട് പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു.
വർഷങ്ങൾക്കു ശേഷം പ്രതി തൃശൂരിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വണ്ടൂർ പൊലീസ് വീണ്ടും അന്വേഷണം ഊർജിതമാക്കി. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തൃശൂരിൽനിന്ന് അറസ്റ്റിലാവുകയായിരുന്നു. അന്വേഷണത്തിൽ ഇൻസ്പെക്ടർ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സമദ്, എസ്.സി.പി.ഒമാരായ ജയേഷ് മാധവ്, മധു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.