ശക്തി മിൽസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ബോംബെ ൈഹകോടതി റദ്ദാക്കി
text_fieldsമുംബൈ: പൊതുവികാരത്തിന്‍റെ അടിസ്ഥാനത്തിൽ വിധി പറയരുതെന്ന് പ്രസ്താവിച്ച് ശക്തി മിൽസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ ബോംബെ ൈഹകോടതി റദ്ദാക്കി.
'ശക്തി മിൽ കൂട്ടമാനഭംഗക്കേസ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്. ബലാത്സംഗത്തിന് ഇരയായയാൾ ശാരീരികമായി മാത്രമല്ല മാനസികമായും കഷ്ടപ്പെടുന്നു. അത് മനുഷ്യാവകാശ ലംഘനമാണ്. പക്ഷേ ജനരോഷം മാത്രം കണക്കിലെടുക്കാനാവില്ല. വധശിക്ഷ അപൂർവ്വമാണ്. അതൊരിക്കലും ജനരോഷത്തിന്‍റെ അടിസ്ഥാനത്തിലാകരുത്'- ഹൈകോടതി ബെഞ്ച് പ്രസ്താവിച്ചു.
ഇതോടെ പ്രതികൾ ശേഷിക്കുന്ന കാലം ജയിലിൽ കഴിയേണ്ടി വരും. ഇവർക്ക് പരോൾ ലഭിക്കുകയില്ലെന്നും സമൂഹവുമായി ഇടപഴകാൻ അനുവദിക്കില്ലെന്നും കോടതി വിധിച്ചു.
എന്താണ് ശക്തി മിൽസ് കൂട്ടബലാത്സംഗക്കേസ്
2013ൽ മുംബൈയിലെ പ്രവർത്തനരഹിതമായ ശക്തി മിൽസ് പരിസരത്ത് സഹപ്രവർത്തകനൊപ്പം ഫോട്ടോഷൂട്ടിനായി എത്തിയതായിരുന്നു 22കാരിയായ ഫോേട്ടാ ജേണലിസ്റ്റ്. അവിടെവെച്ച് അഞ്ചംഗ സംഘം സഹപ്രവർത്തകനെ കെട്ടിയിട്ട ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഊഴം വെച്ച് പ്രതികൾ യുവതിയെ പീഡനത്തിനിരയാക്കി.
പ്രായപൂർത്തിയാകാത്ത ഒരാളും പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു. വിജയ് ജാദവ്, മുഹമ്മദ് കാസിം ബംഗാളി, മുഹമ്മദ് സാലിം അൻസാരി, സിറാജ് റഹ്മാൻ ഖാൻ, ആകാശ് എന്നിവരായിരുന്നു ഫോട്ടോ ജേണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ. ജുവനൈൽ ഹോമിലേക്കയച്ച ആകാശ് പിന്നീട് ശിക്ഷ കഴിഞ്ഞ് പുറത്തെത്തിയ ശേഷം സ്വന്തമായി ക്രിമിനൽ സംഘം രൂപീകരിച്ചു.
19 വയസ്സുള്ള ഒരു ടെലിഫോൺ ഓപ്പറേറ്ററും പീന്നീട് പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതേ പ്രതികളിൽ ചിലർ മിൽ വളപ്പിൽ വെച്ച് കൂട്ടബലാത്സംഗം നടത്തിയെന്നായിരുന്നു ആരോപണം. 2013 ജൂലൈ-ആഗസ്റ്റ് മാസങ്ങളിലായി നടന്ന രണ്ട് കൂട്ടബലാത്സംഗങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായി. മൂന്ന് പേർ രണ്ട് കേസുകളിലും പങ്കുള്ളവരായിരുന്നു.
കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, പ്രകൃതിവിരുദ്ധ ലൈംഗികത, ഭീഷണിപ്പെടുത്തൽ, ആക്രമണം, തെളിവ് നശിപ്പിക്കൽ തുടങ്ങി ഇന്ത്യൻ ശിക്ഷ നിയമത്തിലെയും ഐ.ടി നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ ചുമത്തിയ അഞ്ചുപേരെയും കോടതി ശിക്ഷിച്ചു.
2014ൽ രണ്ട് കേസിലും പ്രതിയായ മൂന്ന് പേർക്ക് അന്നത്തെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശാലിനി ഫൻസാൽക്കർ ജോഷിയാണ് വധശിക്ഷ വിധിച്ചത്. ജാദവ്, ബംഗാളി, അൻസാരി എന്നിവർക്കാണ് വധശിക്ഷ ലഭിച്ചത്. ഖാന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. 19 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലും ഇവർ ശിക്ഷിക്കപ്പെട്ടിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ പ്രതികൾ ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.