വിവാഹനിശ്ചയത്തിന് 'വജ്ര മോതിര'മില്ല; പെൺകുട്ടിയെ വരന്‍റെ വീട്ടുകാർ ആക്രമിച്ചു
text_fieldsഅമൃത്സർ: വിവാഹനിശ്ചയത്തിന് വജ്രമോതിരമില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയെ വരന്‍റെ വീട്ടുകാർ ആക്രമിച്ചു. പഞ്ചാബിലെ ജലന്ദർ നഗരത്തിൽ ഞായറാഴ്ചയാണ് സംഭവം.
വിവാഹനിശ്ചയത്തിനായെത്തിയ വരന്‍റെ കുടുംബം പെൺവീട്ടുകാരോട് വജ്ര മോതിരം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇരു കുടുംബങ്ങളും തമ്മിൽ തർക്കമാകുകയും പിന്നീട് അക്രമത്തിൽ കലാശിക്കുകയും ചെയ്തു. പെൺകുട്ടിയെ വരന്‍റെ വീട്ടുകാർ ക്രൂരമായി മർദിച്ചിരുന്നു. ഇതോടെ പെൺവീട്ടുകാർ പൊലീസിൽ പരാതി നൽകി.
വിവാഹനിശ്ചയത്തിന് മുമ്പ് പെൺവീട്ടുകാരിൽനിന്ന് വരന്‍റെ വീട്ടുകാർ പണമോ സ്വർണമോ ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ വിവാഹനിശ്ചയത്തിനെത്തിയതോടെ ഇവർ വജ്രമോതിരവും സ്വർണവളകളും കമ്മലും ആവശ്യപ്പെടുകയായിരുന്നു. ഇതോടെ രണ്ടുകൂട്ടരും തമ്മിൽ തർക്കം മൂത്ത് അടിയാകുകയായിരുന്നു.
ഹോട്ടലിലായിരുന്നു നിശ്ചയ ചടങ്ങുകൾ. ഇരുകൂട്ടരും തമ്മിൽ അടിയായതോടെ വിവാഹം വേണ്ടെന്നുവെച്ചു. തുടർന്ന് വിവാഹ ദല്ലാളിലെ വിളിച്ചുവരുത്തിയപ്പോൾ വരൻ നേരത്തേ വിവാഹം കഴിച്ചിരുന്നതായും രണ്ടുകുട്ടികളുണ്ടെന്നും തെളിഞ്ഞതായി പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. ഇതോടെ വരനും കുടുംബവും ഹോട്ടലിൽനിന്ന് കടന്നുകളഞ്ഞതായും അവർ അറിയിച്ചു.
സംഭവത്തിൽ പൊലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചു. എന്നാൽ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അക്രമത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.