ബ്രഹ്മഗിരി നിക്ഷേപകർ യോഗം ചേർന്നു; പരിഹാരമായില്ലെങ്കിൽ തെരുവിലിറങ്ങും
text_fieldsകൽപറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ നിക്ഷേപകർ സുൽത്താൻ ബത്തേരിയിൽ യോഗം ചേർന്നു. മാനേജ്മെന്റ് മുന്നോട്ടുവെച്ച സമയം കഴിഞ്ഞിട്ടും പരിഹാരമായില്ലെങ്കിൽ കലക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം ഉൾപ്പെടെയുള്ള സമരവുമായി രംഗത്തിറങ്ങാനാണ് 90ഓളം നിക്ഷേപകർ പങ്കെടുത്ത യോഗത്തിലെ തീരുമാനം. സൊസൈറ്റി ചെയർമാൻ പി.കെ. സുരേഷ് യോഗത്തിൽ നേരിട്ടെത്തിയാണ് 20 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടത്. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും കുറച്ചു ദിവസംകൂടി കാത്തിരിക്കണമെന്നുമാണ് സുരേഷ് യോഗത്തിൽ നിക്ഷേപകരോട് ആവശ്യപ്പെട്ടത്.
അതേസമയം, ധാരാളം സമയം നൽകിയെന്നും ഇനിയും നീട്ടിനൽകുന്നത് എന്തിനാണെന്നും ചോദിച്ച് നിരവധി നിക്ഷേപകർ ചെയർമാനോട് കയർക്കുകയും ചെയ്തു. കേരള ബാങ്കുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശം ഉൾപ്പെടെ സർക്കാറിന് സമർപ്പിച്ചെന്നും തിങ്കളാഴ്ച അവസാനഘട്ട യോഗം തിരുവനന്തപുരത്ത് നടക്കുന്നുണ്ടെന്നും പറഞ്ഞതിനെ തുടർന്നാണ് നിക്ഷേപകർ ശാന്തരായത്.
ചെയർമാനോടൊപ്പം ബോർഡ് മെംബർ വർഗീസും എത്തിയിരുന്നു. 20 ദിവസം കഴിഞ്ഞിട്ടും ഒരു വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന പലിശയും നിക്ഷേപവും തിരിച്ചുനൽകിയില്ലെങ്കിൽ നിരാഹാര സമരത്തിന് പുറമെ കലക്ടർക്കും മുഖ്യമന്ത്രിക്കും മാസ് പെറ്റീഷൻ നൽകാനും വിഷയത്തിൽ എം.എൽ.എമാരെ ഉൾപ്പെടെ ഇടപെടീക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. കോടികളുടെ കടബാധ്യതയുമായി ബി.ഡി.എസ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതിനെത്തുടർന്നാണ് നിക്ഷേപകർ പണം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങാൻ തീരുമാനിച്ചത്. സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പ്രശ്നപരിഹാരമുണ്ടാവാത്തതിനെ തുടർന്ന് കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് നിക്ഷേപകർ യോഗം ചേർന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.