ശസ്ത്രക്രിയക്ക് കൈക്കൂലി: നടപ്പ് രീതിയെന്ന് പരാതി, ഉള്ള സേവനം കൃത്യമായി കിട്ടാത്ത സ്ഥിതി
text_fieldsപെരിന്തൽമണ്ണ: വേണ്ടത്ര ഡോക്ടർമാരും നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരും ഇല്ലെന്ന് നിരന്തരം പരാതി പറയുകയും രോഗികൾക്ക് കൃത്യമായ സേവനം മുടക്കുകയും ചെയ്യുന്നതിനിടെയാണ് പെരിന്തൽമണ്ണ ജില്ല ആശുപത്രിയില സർജൻ ഡോ. ടി. രാജേഷിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടിയത്. സേവനങ്ങളുമായി ബന്ധപ്പെട്ട് എച്ച്.എം.സിയും ജില്ല പഞ്ചായത്തും സ്ഥലം എം.എൽ.എയും ഇടപെട്ട് തീർപ്പാക്കേണ്ട നിരവധി പരാതികളുണ്ട്.
പരിമിതികൾ ആവർത്തിച്ച് ജില്ല പഞ്ചായത്തിനോടും ജനപ്രതിനിധികളോടും പുറം തിരിയുകയാണ് ആശുപത്രിയിലെ ഉത്തരവാദപ്പെട്ടവർ. ജില്ല പഞ്ചായത്താവട്ടെ ആശുപത്രിയിൽ പൊതുജനങ്ങൾക്കുള്ള സേവനം മെച്ചപ്പെടുത്താൻ ഫലപ്രദമായി ഇടപെടുന്നുമില്ല. ഒരുവർഷം മുമ്പ് ജില്ല പഞ്ചായത്ത് പ്രഖ്യാപിച്ച ആശുപത്രിക്കുള്ള മാസ്റ്റർപ്ലാൻ പദ്ധതി എങ്ങുമെത്തിയിട്ടുമില്ല.
അത്യാഹിത വിഭാഗത്തിൽ എമർജൻസി തിയറ്റർ സൗകര്യമില്ലെന്നു പറഞ്ഞാണ് രോഗികളെ മടക്കാറ്. മൂന്നുവർഷത്തിലേറെയായി ഇത് അടച്ചിട്ടിട്ട്. 177 കിടക്കകളുള്ള ആശുപത്രിയിൽ 240 കിടക്കകളിട്ടാണ് അടുത്തകാലം വരെ രോഗികളെ കിടത്തിയത്. ചില ഘട്ടത്തിൽ 300 പേരെ വരെ കിടത്തിയിട്ടുണ്ട്. കോവിഡ് ഘട്ടത്തിൽ 50ൽ താഴെ പേരെ മാത്രം കിടത്തി ചികിത്സിച്ചപ്പോഴും മതിയായ ഡോക്ടർമാരും നഴ്സുമാരുമില്ലെന്നാണ് പറഞ്ഞിരുന്നത്. അടച്ചിട്ട എമർജൻസി തിയറ്റർ തുറക്കാൻ അനസ്ത്യേഷ്യാ ഡോക്ടറും ആവശ്യത്തിന് നഴ്സുമാരും വേണം. എന്നാൽ, ഉള്ള സൗകര്യവും ജീവനക്കാരെയും വെച്ചാണ് എമർജൻസി തിയറ്റർ നേരത്തേ പ്രവർത്തിച്ചിരുന്നത്. സ്റ്റാഫ് നഴ്സുമാരായ നാലുപേർക്ക് ഹെഡ് നഴ്സുമാരുടെ ചുമതല നൽകിയിട്ടുണ്ട്.
ഇത് ചട്ടവിരുദ്ധമാണെന്നും ഇവരെക്കൊണ്ട് സ്റ്റാഫ് നഴ്സുമാരുടെ ജോലി ചെയ്യിപ്പിക്കണമെന്നും രണ്ടരമാസം മുമ്പ് ആശുപത്രിയിലെത്തിയ ഡി.എം.ഒ നിർദേശിച്ചതാണെങ്കിലും പാലിക്കുന്നില്ല. എട്ടുമണിക്ക് ആരംഭിക്കേണ്ട ഒ.പി ഒമ്പതായിട്ടും തുടങ്ങാത്ത സംഭവങ്ങൾ ആവർത്തിച്ചപ്പോൾ സ്ഥലം എം.എൽ.എ ആശുപത്രിയിൽ ചടങ്ങിൽ മുന്നറിയിപ്പ് നൽകിയതാണ്. സേവനം കിട്ടിയില്ലെങ്കിലും പരാതി പറയാൻ സൗകര്യം ഇല്ല. മുമ്പ് ആരോഗ്യ വിജിലൻസ് കാര്യക്ഷമമായ ഘട്ടത്തിൽ ആശുപത്രികളിൽ പരിശോധനയും പരാതി നൽകാൻ സൗകര്യവുമുണ്ടായിരുന്നു. ആരോഗ്യ വിജിലൻസ് ആരോഗ്യ ഡയറക്ടറേറ്റിൽ ഒതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.