ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ കുറ്റക്കാരൻ, വിധി ഇന്ന്
text_fieldsമണ്ണാര്‍ക്കാട്: കുടുംബപ്രശ്നത്തിൽ ജ്യേഷ്ഠനെ കുത്തികൊലപ്പെടുത്തുകയും ജ്യേഷ്ഠന്റെ ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ സഹോദരന് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ബുധനാഴ്ച പറയും.
മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന് ജോണ്‍ ആണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷാവിധിക്കായി കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. അഗളി നെല്ലിപ്പതി പുത്തന്‍വീട്ടില്‍ പ്രഭാകരന് (45) കൊല്ലപ്പെട്ട കേസിലാണ് സഹോദരന് ശിവനുണ്ണി (42) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 302,308 വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
2016 ജൂലൈ 18ന് രാത്രി 9.15നാണ് സംഭവം. കെട്ടിട നിര്‍മാണ തൊഴിലാളിയായ പ്രഭാകരന് ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വീടിനുതൊട്ടുമുമ്പിലുള്ള വഴിയില്‍വച്ച് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ പ്രഭാകരന് മരിച്ചു. തടയാന്‍ ശ്രമിച്ച പ്രഭാകരന്റെ ഭാര്യ വിജയയേയും ശിവനുണ്ണി ആക്രമിച്ചു. ഇവരുടെ തുടയില്‍ കുത്തേറ്റ് സാരമായി പരിക്കേറ്റു. തുടര്‍ന്ന്, പ്രതി ആയുധം കാടുപിടിച്ച സ്ഥലത്ത് ഉപേക്ഷിച്ചതായി പറഞ്ഞെങ്കിലും പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെടുക്കാനായില്ല.
2002ല്‍ ഇവരുടെ അമ്മയും സഹോദരിയും സഹോദരിയുടെ മകളും വിഷം കഴിച്ച് മരിച്ചിരുന്നു. ഇവര്‍ മരിക്കാന്‍ കാരണം പ്രഭാകരനാണെന്ന വിരോധം കാരണമാണ് ശിവനുണ്ണി ഇദ്ദേഹത്തെ കുത്തികൊലപ്പെടുത്തിയതെന്നാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അഗളി സി.ഐ ആയിരുന്ന എ.എം. സിദ്ദീഖാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. ജയന് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.