സഹോദരീഭർത്താവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി രണ്ട് പതിറ്റാണ്ടിനുശേഷം പിടിയില്‍
text_fieldsഅമ്പലപ്പുഴ: സഹോദരീഭർത്താവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാൻഡിലായി ജാമ്യത്തിൽ ഇറങ്ങിയ ശേഷം നാടുവിട്ട പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയില്‍. അമ്പലപ്പുഴ കരുമാടി ലക്ഷം വീട് കോളനിയിൽ പ്രസാദാണ് (55) പിടിയിലായത്. കർണാടക - തമിഴ്നാട് ബോർഡറിൽ നിന്നുമാണ് ഇയാള്‍ പിടിയിലാകുന്നത്. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ നടത്തുന്ന എല്‍.പി വാറണ്ട് റെയ്ഡിന്റെ ഭാഗമായി നടത്തിയ അന്വേഷണമാണ് 20 വർഷം പഴക്കമുള്ള കേസിലെ പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്.
2004 ഫെബ്രുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ രണ്ടാമത്തെ സഹോദരിയുടെ ഭർത്താവായ ശശികുമാറുമായുണ്ടായ വാക്ക്തർക്കത്തിനിടെ സഹോദരി ഭര്‍ത്താവ് ശശികുമാറിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടർന്ന് കൊലപാതക ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ നാട് വിടുകയുമായിരുന്നു.
ഇതിനിടെ പ്രസാദിന്റെ ബന്ധുക്കൾ മുഴുവനും കരുമാടിയിൽ നിന്ന് താമസം മാറി. പിന്നീട് പ്രസാദിനെ പറ്റി ഒരു വിവരവും ലഭിച്ചിരുന്നില്ല. പൊലീസ് അന്വേഷണത്തിൽ പ്രസാദിന്റെ ജ്യേഷ്ഠ സഹോദരി പന്തളത്ത് താമസിക്കുന്നുണ്ട് എന്നറിയാൻ കഴിഞ്ഞു. ഇവരുടെ മൊബൈല്‍ ലിസ്റ്റ് പരിശോധിച്ചതില്‍ കർണ്ണാടകയിലെ ബൊമ്മഹളില് നിന്നും ആരോ വിളിച്ചതായ രേഖകള്‍ ലഭിച്ചു.
തുടർന്ന് സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രസാദ് രണ്ടാമത് വിവാഹം ചെയ്ത ഭാര്യ ജോലി ചെയ്യുന്ന തമിഴ് നാട്ടിലെ ഹൊസൂർ എന്ന സ്ഥലത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ടോൾസൺ പി.ജോസഫ്, ഗ്രേഡ് എസ്.ഐ ഹനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിബിൻദാസ്, സിദ്ദീഖുൽ അക്ബർ, വിഷ്ണു. ജി, ജോസഫ് ജോയി, മാത്യു, ഡി.വി.ആര് സിവിൽ പൊലീസ് ഓഫിസർ അനീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.