സഹോദരിയറിയാതെ ആധാരം പണയംവെച്ച് 1.70 കോടി രൂപ തട്ടിയ സഹോദരങ്ങൾ അറസ്റ്റിൽ
text_fieldsചാവക്കാട്: ഉടമയായ സഹോദരിയറിയാതെ ആധാരം ചിട്ടിയിൽവെച്ച് 1.70 കോടിയോളം തട്ടിയ സഹോദരങ്ങൾ അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി ഇത്തിക്കാട്ട് മുഹമ്മദ് (70), അനുജൻ ഐ.കെ. അബൂബക്കർ (65) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
2014ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളുടെ സഹോദരിയും പരേതനായ രായംമരക്കാർ വീട്ടിൽ പെരിങ്ങാട്ട് ഷാഹുവിന്റെ ഭാര്യയുമായ സഫിയയുടെ പേരിലുള്ള ആധാരങ്ങൾ ചിട്ടിയിൽ നൽകിയാണ് ഇരുവരും വ്യാജ ഒപ്പിട്ട് തട്ടിപ്പ് നടത്തിയത്.
ഷാഹുവിന്റെ വീട് പുനർനിർമിക്കുന്നതുമായി ബന്ധപ്പെട്ട് ആധാരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ അബൂബക്കറിനെ ഏൽപിച്ചതായിരുന്നു. അബൂബക്കർ ജ്യേഷ്ഠൻ മുഹമ്മദുമായി ചേർന്ന് ചിട്ടിയിലെ പണമെടുക്കാൻ ഈടിനായി ഈ ആധാരങ്ങളാണ് ആൾമാറാട്ടം നടത്തിയും വ്യാജ ഒപ്പുകളിട്ടും ചിട്ടി സ്ഥാപനത്തിൽ നൽകി പണം കൈപ്പറ്റിയത്.
തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നടപടികളിലേക്ക് നീങ്ങിയ കുറീസ് ജീവനക്കാർ എത്തിയപ്പോഴാണ് സഫിയ വിവരമറിയുന്നത്. തുടർന്ന് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. ചാവക്കാട് എസ്.ഐ കണ്ണൻ, സീനിയർ സി.പി.ഒമരായ സൗദാമിനി, സന്ദീപ് നൗഫൽ, സി.പി.ഒമരായ രജനീഷ്. ജയകൃഷ്ണൻ, നസൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.