പൊലീസ് സ്റ്റേഷനിൽ ഗൃഹനാഥന് ക്രൂരമർദനമെന്ന് പരാതി
text_fieldsകൊടുമൺ: എസ്.ഐ ഗൃഹനാഥനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കൈപിടിച്ച് ഒടിച്ചതായി പരാതി. അങ്ങാടിക്കൽ വടക്ക് സ്റ്റെജി ഭവനിൽ മോനച്ചൻ തോമസാണ് (60) പൊലീസിെൻറ ക്രൂരതക്ക് ഇരയായത്.
കൈ ഒടിഞ്ഞ അേദ്ദഹം അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. താൽക്കാലികമായി പ്ലാസ്റ്റർ ഇട്ടെങ്കിലും കൈയുടെ സ്വാധീനം തിരിച്ചുകിട്ടണമെങ്കിൽ ഓപറേഷൻ നടത്തി കമ്പി ഇടണമെന്ന് ഡോക്ടർ പറഞ്ഞിരിക്കയാണ്.
കൊടുമൺ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരും സിവിൽ പൊലീസ് ഓഫിസറും ചേർന്നാണ് ദേഹോപദ്രവം ഏൽപിച്ചതെന്ന് മോനച്ചൻ പറഞ്ഞു. കുടുംബവിഷയവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ മോനച്ചനെയും ഭാര്യയെയും സ്റ്റേഷനിൽ വിളിപ്പിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി വിട്ടിരുന്നു. എന്നാൽ, വീട്ടിലെത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും തനിയെ എത്തണമെന്ന് ഫോണിലൂടെ അറിയിച്ചു. തുടർന്നാണ് സുഹൃത്തിനൊപ്പം സ്റ്റേഷനിലെത്തിയത്.
എസ്.ഐ കൈപിടിച്ച് പുറകോട്ട് തിരിച്ച് ഭിത്തിയിലിടിച്ചതായും കാൽമുട്ട് മടക്കി നാഭിക്ക് ഇടിച്ചതായും പരാതിയിൽ പറയുന്നു. നിലവിളിച്ചപ്പോൾ എസ്.ഐ ചീത്തവിളിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മോനച്ചൻ മുഖ്യമന്ത്രിക്കും പത്തനംതിട്ട ജില്ല പൊലീസ് ചീഫിനും പരാതി നൽകി. അതേസമയം, കുടുംബവഴക്കിനെ തുടർന്ന് പരാതി ലഭിച്ചതനുസരിച്ച് മോനച്ചൻ തോമസിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായി സബ് ഇൻസ്പെക്ടർ അനൂപ് ചന്ദ്രൻ പറഞ്ഞു. സ്റ്റേഷനിൽ ആരും മർദിച്ചിട്ടില്ലെന്നും മോനച്ചെൻറ കൈക്ക് നേരത്തേ പരിക്കുള്ളതാണെന്നും എസ്.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.