ചേലേമ്പ്രയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; മൂന്ന് പേർ അറസ്റ്റിൽ
text_fieldsതേഞ്ഞിപ്പലം: അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിക്കുകയും അടിച്ചുമാറ്റിയ എ.ടി.എം കാർഡിൽനിന്ന് പണം പിൻവലിക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി കൊടപാളിയിലെ പടിഞ്ഞാറെ കൊളപ്പുറം വീട്ടിൽ കിഷോർ (23), തേഞ്ഞിപ്പലം ദേവതിയാൽ കോളനിയിലെ കൊളപ്പുള്ളി സുമോദ് (24), മൂന്നിയൂർ മണക്കടവൻ ഫഹ്മിദ് റിനാൻ (19) എന്നിവരെയാണ് തേഞ്ഞിപ്പലം സി.ഐ എൻ.ബി. ഷൈജു, എസ്.ഐ സംഗീത് പുനത്തിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒലിപ്രംകടവ് പതിനഞ്ചാം മൈലിന് സമീപത്തെ ആലങ്ങോട്ട് ചിറ-പനയപ്പുറം റോഡിലെ പുള്ളിച്ചി വീട്ടിൽ മുഹമ്മദ് മുസ്ലിയാരുടെ മകൻ ഹക്കീമിന്റെ വീട്ടിൽ 22ന് രാത്രിയാണ് മോഷണം നടന്നത്.
അലമാരയിൽ സൂക്ഷിച്ച 12,500 രൂപയും കുട്ടികളുടെ അര പവനോളം വരുന്ന സ്വർണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. ഹക്കീം വിദേശത്താണ്. വ്യാഴാഴ്ച ഹക്കീമിന്റെ ഭാര്യയും കുട്ടികളും സ്വന്തം വീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ വാതിലുകളുടെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. അലമാരയിൽ സൂക്ഷിച്ച എ.ടി.എം കാർഡ് എടുത്ത മോഷ്ടാക്കൾ 40,000 രൂപ എ.ടി.എമ്മിൽ നിന്നും പിൻവലിക്കുകയും ചെയ്തു.
കോയമ്പത്തൂരിൽനിന്ന് ഫഹ്മിദ് റിനാനെയാണ് ആദ്യം കസ്റ്റഡിയിൽ എടുക്കുന്നത്. മുഖ്യപ്രതി കിഷോറിനെ ചെട്ടിപ്പടിയിൽനിന്നും സുമോദിനെ ദേവതിയാലിൽനിന്നും അറസ്റ്റ് ചെയ്തു. ഫെനോയിൽ വിൽപനക്കെന്ന വ്യാജേന എത്തുന്ന സുമോദ് ആണ് ആളില്ലാത്ത വീട് കണ്ടെത്തുന്നത്.
വള്ളിക്കുന്ന് ആനങ്ങാടിയിൽനിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇവർ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
പ്രതികളിൽനിന്ന് 11,000 രൂപ പൊലീസ് കണ്ടെത്തി. കോഴിക്കോട്ട് ജ്വല്ലറി ഉടമയുടെ 85 പവനും രണ്ടുലക്ഷവും കവർന്ന കേസിലെ പ്രതികളാണ് കിഷോറും സുമോദും. കിഷോറിന്റെ പേരിൽ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ എട്ട് കേസുകളും കോഴിക്കോട് ജില്ലയിൽ നാല് കേസുകളും നിലവിലുള്ളതായി പൊലീസ് പറഞ്ഞു. സുമോദിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിൽ മൂന്ന് കേസുകളും ഫഹ്മിദ് റിനാന്റെ പേരിൽ ചങ്ങരംകുളം സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്. പ്രതികളെ മോഷണം നടന്ന വീട്ടിൽ എത്തിച്ചു തെളിവെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ജയിലിലടച്ചു. സി.ഐക്കും എസ്.ഐക്കും പുറമെ എ.എസ്.ഐ രമേശ്, എം. റഫീഖ്, ദിൽജിത്, വിജേഷ്, രൂപേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.