ആയുധങ്ങളുമായി വീടുകളിൽ കയറി കവർച്ച; പ്രതികൾ പിടിയിൽ
text_fieldsമംഗലപുരം: പണവും സ്വർണവും ചോദിച്ച് അർധരാത്രിയിൽ ആയുധങ്ങളുമായി വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശി ഷാനവാസ് (38), കൊട്ടാരം തുരുത്ത് സ്വദേശി അൻസർ (28), മാടൻവിള സ്വദേശി ഷബിൻ (28) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്.
പിടികിട്ടാപുള്ളിയായ ഷാനവാസിന്‍റെ നേതൃത്വത്തിലായിരുന്നു ഗുണ്ടാ വിളയാട്ടം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പെരുമാതുറയിൽനിന്നാണ് പിടികൂടിയത്. കൊലപാതകം, വധശ്രമം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഷാനവാസ്. കൂട്ടുപ്രതികളായ അൻസറും ഷബിനും മംഗലപുരം, കഠിനംകുളം, ചിറയിൻകീഴ് പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതികളാണ്. ചൊവ്വാഴ്ച അർധരാത്രിയാണ് ആയുധങ്ങളുമായെത്തിയ പ്രതികൾ പള്ളിപുറം പുതുവലിലെ നാലു വീടുകളിൽ കയറി പണവും സ്വർണാഭരണങ്ങളും ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയത്.
വ്യാപാരിയെ മുളക് പൊടി എറിഞ്ഞ് സ്വർണം കവർച്ച നടത്തിയ കേസിലെ പ്രതിയായ ഷമീറിന്‍റെ വീട്ടിലും പ്രതികൾ അക്രമം നടത്തി. ഷമീറിന്‍റെ വീട്ടിലെത്തിയ പ്രതികൾ വാതിൽ തകർത്ത് അകത്തു കയറി കത്തി കാട്ടി സ്വർണവും പണവും ആവശ്യപ്പെട്ടു. പിടിവലിക്കിടെ കത്തികൊണ്ട് ഷമീറിന് കഴുത്തിനും കൈക്കും പരിക്കുണ്ട്. അക്രമണങ്ങളും മറ്റും നടത്തിയ ശേഷം ഒളിവിൽ പോകുന്ന ഷാനു കോടതിയിൽ കീഴടങ്ങുകയാണ് പതിവ്.
കഴിഞ്ഞ ഫെബ്രുവരിയിൽ സി.ആർ.പി.എഫ് ക്യാമ്പിനു സമീപം ബേക്കറി ഉടമയെ കടയിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായി പുറത്തിറങ്ങിയ ഷാനവാസ് സെപ്റ്റംബറിൽ പള്ളിപ്പുറത്ത് മൊബൈൽ കടയിൽ കയറി ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലിരിക്കെയായിരുന്നു അക്രമം നടത്തിയത്.
പ്രതികളിൽനിന്ന് അക്രമത്തിനുപയോഗിച്ച ആയുധങ്ങളും സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഗുണ്ടാ ആക്ടിൽ പെടുത്താനുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്നും പ്രതികളെ സഹായിച്ചവരെയും കേസിൽ ഉൾപ്പെടുത്തി അറസ്റ്റു ചെയ്യുമെന്നും മംഗലപുരം ഇൻസ്പെക്ടർ എച്ച്.എൽ. സജീഷ് പറഞ്ഞു. പ്രതികളെ സംഭവസ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.