ബാലരാമപുരത്ത് വ്യാപാരസ്ഥാപനങ്ങൾ കുത്തിത്തുറന്ന് ലക്ഷങ്ങൾ കവർന്നു
text_fieldsബാലരാമപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് രണ്ട് ലക്ഷത്തിലെറെ രൂപ കവർന്നു. ശനിയാഴ്ച പുലർച്ചയോടെയാണ് മോഷണം. ബാലരാമപുരം ശാലിഗോത്രത്തെരുവിൽ സ്ഥിതിചെയ്യുന്ന കണ്ണൻ ഹാൻഡ്ലൂമിൽനിന്ന് ഒന്നരലക്ഷംരൂപയും എരുത്താവൂരിലെ മണപ്പാട്ടിൽ സൂപ്പർമാർക്കറ്റിൽനിന്ന് അറുപതിനായിരം രൂപയും മോഷ്ടിച്ചു.
വെട്ടുകത്തിയുൾപ്പെടെയുള്ള ആയുധങ്ങളുമായി മോഷണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. കണ്ണൻ ഹാൻഡ്ലൂമിന്റെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്ന് മേശവലിപ്പിൽനിന്ന് പണം മോഷ്ടിച്ചത്.
എരുത്താവൂരിലുള്ള മണപ്പാട്ടിൽ മാർജിൻ സൂപ്പർമാർക്കറ്റിലെ ഗ്രില്ല് പൊളിച്ചാണ് അകത്ത് കടന്നത്. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. ബാലരാമപുരം സ്റ്റേഷൻപരിധിയിൽ നടന്ന സംഭവതത്തിൽ മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ദ്രുതഗതിയിലാണ്. രണ്ട് വ്യാപാര സ്ഥാപനങ്ങളിലും വിരലടയാള വിദഗ്ധരും ഡോഗ് സ്വക്വാഡും പരിശോധന നടത്തി. ഇരുകടകളിലും ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഒരു കിലോമീറ്ററോളം ഓടിയ പൊലീസ് നായ് ഇടറോഡുകളിലെത്തി നിന്നു. ഇവിടങ്ങളിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. മുപ്പതിലേറെപേരെ ഇതിനോടകം പൊലീസ് ചോദ്യം ചെയ്തു. വ്യാപാരസ്ഥാപനങ്ങളിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.