ഉപതെരഞ്ഞെടുപ്പ്: 265 ലിറ്റർ വാഷ് പിടികൂടി
text_fieldsനിലമ്പൂർ: വയനാട് പാർലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ 265 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ചാലിയാർ പഞ്ചായത്തിലെ ചെട്ടിയാംപാറ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച് കിടക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫിസും ജനമൈത്രി എക്സൈസ് സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ ഇവ കണ്ടെടുത്തത്.
മൂന്ന് സ്ഥലങ്ങളിലായി പ്ലാസ്റ്റിക് കന്നാസുകളിലും കുടങ്ങളിലും സൂക്ഷിച്ച വ്യാജവാറ്റിന് പാകപ്പെടുത്തിയ 265 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത്. ജനമൈത്രി എക്സൈസ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. കുറ്റമുതലുകൾ കേസ് രജിസ്റ്റർ ചെയ്യാനായി നിലമ്പൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർക്ക് കൈമാറി. തുടർ നടപടികൾക്കായി നിലമ്പൂർ കോടതിയിൽ ഹാജരാക്കും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ആർ.പി. സുരേഷ് ബാബു, പി.കെ. പ്രശാന്ത്, പ്രിവന്റീവ് ഓഫിസർ ജി. അഭിലാഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം. രാകേഷ് ചന്ദ്രൻ, സബിൻ ദാസ്, സി. ദിനേശ്, എം. ജംഷീദ്, എം. രാകേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ പി. പ്രദീപ് കുമാർ, എം. മഹമൂദ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം ഒരു മാസത്തിനുള്ളിൽ എക്സൈസ് വകുപ്പ് നിലമ്പൂർ താലൂക്കിൽ 162 റെയ്ഡുകൾ നടത്തി. 9359 വാഹനങ്ങൾ പരിശോധിച്ചു. അബ്കാരി കുറ്റകൃത്യങ്ങൾ പ്രകാരം 24 കേസുകളും മയക്കുമരുന്ന് നിയമപ്രകാരം ഒമ്പത് കേസുകളും കോട്പ നിയമ പ്രകാരം 93 കേസുകളും കണ്ടെടുത്തു. 13 കള്ളുഷാപ്പുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.