കഞ്ചാവ് കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി
text_fieldsനെടുമ്പാശ്ശേരി: കരയാംപറമ്പ് ഫെഡറൽ സിറ്റി ടവറിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് കഞ്ചാവും ഹഷീഷ് ഓയിലും പിടിച്ചെടുത്ത കേസിൽ പ്രതികളുടെ സ്വത്ത് എറണാകുളം റൂറൽ പൊലീസ് കണ്ടുകെട്ടി. മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച പ്രതികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഏഴാം പ്രതി അഭീഷിന്റെ 29 ലക്ഷം രൂപ വിലവരുന്ന അഞ്ചര സെന്റ് സ്ഥലവും വീടും കാറും അക്കൗണ്ടിലുള്ള 50,000 രൂപയും കണ്ടുകെട്ടി. മൂന്നാം പ്രതി അബ്ദുൽ ജബ്ബാറിന്റെ അക്കൗണ്ടിലുള്ള എട്ടര ലക്ഷത്തോളം രൂപയും സ്കൂട്ടറും ഭാര്യയുടെ പേരിലുള്ള കാറും കണ്ടുകെട്ടി. ഒന്നാം പ്രതി മുഹമ്മദ് സഹീറിന്റെ 65,000 രൂപയും രണ്ട് കാറും ഒരു ബൈക്കും നാലാം പ്രതി കാസിമിന്റെ 63,000 രൂപയും എട്ടാം പ്രതി അനീഷിന്റെ ബൈക്കും 31,000 രൂപയും പത്താം പ്രതി സീമയുടെ 35,000 രൂപയുമാണ് പ്രധാനമായി കണ്ടുകെട്ടിയത്. വിവിധ ബാങ്കുകളിൽ പ്രതികളുടെ 12 അക്കൗണ്ടുകൾ കണ്ടെത്തുകയും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് 10 വാഹനങ്ങളാണ് കണ്ടുകെട്ടിയിട്ടുള്ളത്. കല്ലൂർക്കാട് കഞ്ചാവ് കേസിലെ ഒരു പ്രതിയുടെ അഞ്ചുസെൻറ് സ്ഥലവും മറ്റൊരു പ്രതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന നാലുലക്ഷം രൂപയും നേരത്തേ കണ്ടുകെട്ടിയിരുന്നു. കൂടുതൽ പ്രതികൾക്കെതിരെ നടപടി വിവിധ ഘട്ടങ്ങളിലാണ്. ഒന്നരവർഷത്തിനുള്ളിൽ റൂറൽ ജില്ലയിൽനിന്ന് 800 കിലോ കഞ്ചാവാണ് പിടികൂടിയത്. 79 പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്, ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി എന്നിവരുൾപ്പെടുന്ന ടീമാണ് നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.