വനംവകുപ്പ് ഓഫിസിലെ കഞ്ചാവ് കൃഷി: ട്വിസ്റ്റോട് ട്വിസ്റ്റ്...
text_fieldsകോട്ടയം: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയെന്ന റിപ്പോര്‍ട്ടിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. തനിക്കെതിരെ പരാതി നൽകിയ വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരോട് വൈരാഗ്യം തീർക്കാൻ റേഞ്ച് ഓഫിസർ കെട്ടിച്ചമച്ചതാണെന്ന ആക്ഷേപമാണ് ഏറ്റവുമൊടുവിൽ ഉയർന്നത്. സ്ഥലംമാറ്റപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫിസറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് ആരോപണ വിധേയനായ ഫോറസ്റ്റ് റെസ്ക്യൂ വാച്ചർ നടത്തിയത്.
തനിക്കെതിരെ പരാതി നൽകിയവരെ കുടുക്കാൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഭീഷണിപ്പെടുത്തി കള്ളത്തെളിവുണ്ടാക്കുകയായിരുന്നെന്നാണ് ഫോറസ്റ്റ് വാച്ചർ അജേഷ് ചാനലിനോട് പറഞ്ഞത്. തനിക്കെതിരെ പരാതി നല്‍കിയവരെ പേടിപ്പിക്കാനെന്ന പേരിലാണ് ഓഫിസില്‍ കഞ്ചാവ് കൃഷി നടന്നെന്ന് സ്ഥലം മാറ്റപ്പെട്ട റേഞ്ച് ഓഫിസർ ബി.ആർ. ജയൻ തന്നെക്കൊണ്ട് പറയിപ്പിച്ചത്. ഈ മൊഴി ഉപയോഗിച്ച് മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്ന് അജേഷ് ആരോപിക്കുന്നു. തന്റെ റിപ്പോർട്ട് യഥാർഥമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് റേഞ്ച് ഓഫിസർ ജയൻ.
റേഞ്ച് ഓഫിസർ പഠിപ്പിച്ച കാര്യങ്ങളാണ് പറഞ്ഞതെന്നും വെള്ളക്കടലാസ് ഒപ്പിട്ട് വാങ്ങിയിരുന്നെന്നും അജേഷ് പറയുന്നു. ഈ ഫോറസ്റ്റ് വാച്ചറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ഓഫിസിൽ കഞ്ചാവ് കൃഷി നടന്നെന്ന റിപ്പോർട്ട് റേഞ്ച് ഓഫിസർ സമർപ്പിച്ചതെന്നാണ് ആക്ഷേപം. വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ പരാതിയെ തുടർന്ന് കഴിഞ്ഞദിവസമാണ് എരുമേലി റേഞ്ച് ഓഫിസറായിരുന്ന ജയനെ മലപ്പുറത്തേക്ക് മാറ്റിയത്. എന്നാൽ, കഞ്ചാവ് വളർത്തലിന്റെ റിപ്പോർട്ട് സമർപ്പിച്ചതിന്റെ പേരിലാണ് റേഞ്ച് ഓഫിസറെ സ്ഥലംമാറ്റിയതെന്ന പ്രചാരണമുണ്ടായിരുന്നു. 40 ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ഓഫിസിൽ കഞ്ചാവ് വളർത്തിയെന്നത് വിശ്വസനീയമല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
തനിക്കെതിരെ പരാതി നൽകിയ വനിതാ ഉദ്യോഗസ്ഥരുടെ പേരടക്കം കഞ്ചാവ് വളർത്തലിനെ കുറിച്ചുള്ള റിപ്പോർട്ടിലുണ്ട്. തെളിവായി കഞ്ചാവ് ചെടിയുടെ ചിത്രങ്ങൾ മാത്രമാണ് ജയൻ നൽകിയത്. ജയൻ നിർബന്ധിച്ച് മൂന്ന് വെള്ളക്കടലാസുകളിൽ ഒപ്പിട്ട് വാങ്ങിയിരുന്നതായി പ്ലാച്ചേരി ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്റെ മൊഴിയും ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. റിപ്പോർട്ടിനൊപ്പം ജയൻ സമർപ്പിച്ച കഞ്ചാവ് ചെടികളുടെ ചിത്രങ്ങളുടെ വിശ്വസനീയതയിലും വനംവകുപ്പ് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുന്നു. കഞ്ചാവ് ചെടി വളർത്തിയെന്ന പരാതിയിൽ യൂത്ത്കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദ അന്വേഷണത്തിന് വനംവകുപ്പും ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.