പത്തനംതിട്ടയിൽ കഞ്ചാവ് വേട്ട തുടരുന്നു
text_fieldsഅർഷാദ് ഖാൻ, റഫീഖ്, ജാബിർ, ജിഷ്ണു
പത്തനംതിട്ട: രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കളെ പത്തനംതിട്ട പൊലീസ് പിടികൂടി. ആനപ്പാറ മണ്ണിൽ ചുങ്കക്കാരൻ അർഷാദ് ഖാൻ (28), സുഹൃത്ത് ആനപ്പാറ ചുങ്കക്കാരൻ റഫീഖ് (31) എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും ആറന്മുള, കോയിപ്രം സ്പെഷൽ ബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ചേർന്ന് കഴിഞ്ഞദിവസം രാത്രി 9.15ഓടെ സ്കൂട്ടറിൽ യാത്രചെയ്തിരുന്ന ഇവരെ കോഴഞ്ചേരി പാലത്തിൽ വെച്ചാണ് പിടികൂടിയത്. രണ്ട് കിലോയിലധികം കഞ്ചാവും 40,000 രൂപയും പ്രതികളിൽ നിന്ന് കണ്ടെടുത്തു. സ്കൂട്ടറിന്റെ സീറ്റിനടിയിലെ സ്ഥലത്ത് പാക്കറ്റിൽ സൂക്ഷിച്ചനിലയിലായിരുന്നു 2.120 കിലോ കഞ്ചാവ്. ഇരുവരെയും പിന്നീട് കോയിപ്രം പൊലീസിന് കൈമാറി. ഒന്നാം പ്രതിക്ക് ആറന്മുള സ്റ്റേഷനിൽ 2023ൽ രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസ് നിലവിലുണ്ട്. ഒന്നാം പ്രതി റഫീഖ് വിദേശത്ത് ജോലിയിലായിരുന്നു.
അവധിക്ക് നാട്ടിലെത്തിയതാണ്. അർഷാദ് ഖാനാണ് സ്കൂട്ടർ ഓടിച്ചത്, ഇയാളുടെ ജീൻസിന്റെ പോക്കറ്റിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇരുവരുടെയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
കോയിപ്രം ഇൻസ്പെക്ടർ ജി.സുരേഷ് കുമാർ, എസ്.ഐമാരായ ഗോപകുമാർ, ഷൈജു, ബിജു, അജി, എ.എസ്.ഐ ഷിബുരാജ്, സി.പി.ഒമാരായ വിപിൻരാജ്, ഉദയൻ, സുരേഷ്, അഖിൽ ബാബു, അനന്തു സാബു, അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
പന്തളം: ലഹരി വസ്തുക്കൾക്കെതിരായ പരിശോധന ജില്ലയിൽ തുടരുന്നു. പന്തളം പൊലീസ് രണ്ടുയുവാക്കളെ പിടികൂടി. പുന്തല കക്കട പാലത്തിന് സമീപം വാടകക്ക് താമസിക്കുന്ന കരുനാഗപ്പള്ളി കൊച്ചാലുംമൂട് കാട്ടിൽകടവ് ആദിനാട് സൗത്ത് കുന്നയിൽ ജാബിർ (22), പന്തളം കടക്കാട് പണ്ടാരത്തിൽ തെക്കേപുരയിൽ ജിഷ്ണു (19) എന്നിവരാണ് അറസ്റ്റിലായത്.
ജാബിറിൽ നിന്ന് 35 ഗ്രാം കഞ്ചാവും, ജിഷ്ണുവിന്റെ പക്കൽ നിന്ന് ആറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് വിൽപനക്കായി കയ്യിൽ കരുതിയതാണെന്ന് ഇരുവരും ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു.
കഴിഞ്ഞദിവസം രാത്രി 12ഓടെ കക്കടപാലത്താണ് ജാബിർ പിടിയിലായത്. പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറിൽ പൊതിഞ്ഞ് അടിവസ്ത്രത്തിന്റെ അരഭാഗത്ത് സൂക്ഷിച്ച നിലയിലായിരുന്നു. 11 ന് രാത്രി പത്തരയോടെ മുട്ടാർ മുത്തോണിയിൽ നിന്നാണ് ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തത്.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്. പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ്, എസ് ഐ അനീഷ് എബ്രഹാം എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ജില്ലയിൽ ലഹരിവസ്തുക്കൾക്കെതിരായ റെയ്ഡ് ഉൾപ്പെടെയുള്ള നടപടി തുടരുന്നതിനു നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടി തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.