കഞ്ചാവ് വേട്ട: ജില്ലയിൽ 42 കേസുകളെടുത്തു
text_fieldsപത്തനംതിട്ട: ജില്ലയിൽ കഞ്ചാവ് ഉൾപ്പെടെ മയക്കുമരുന്നുകളുടെ ഉപയോഗം, അനധികൃത വിൽപന, കൈമാറ്റം എന്നീ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടി തുടങ്ങി. ഒരാഴ്ചക്കുള്ളിൽ 42 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു. നിരവധിപേർ അറസ്റ്റിലായി. സ്പെഷൽ ഡ്രൈവിൽ ഉൾപ്പെടുത്തി റെയ്ഡുകളും കർശന പരിശോധനകളും തുടരു കയാണ്. ഒപ്പം സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള പ്രത്യേക ആക്ഷൻ ഗ്രൂപ്പിന്റെ പ്രവർത്തനവും നടന്നുവരുന്നതായും ജില്ല പൊലീസ് മേധാവി പറഞ്ഞു. ശനിയാഴ്ച വരെയുള്ള കാലയളവിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ 70 റെയ്ഡുകളാണ് നടന്നത്, 42 കേസുകൾ രജിസ്റ്റർ ചെയ്തു. മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 40പേരെ പരിശോധിച്ചു.
ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം ജില്ലയിലെ നോഡൽ ഓഫിസറും നാർകോട്ടിക് സെൽ ഡിവൈ.എസ്.പിയുമായ ആർ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ജില്ല ആന്റി നാർകോട്ടിക് ടീം (ഡാൻസാഫ്) അംഗങ്ങൾ, ജില്ല തലത്തിലുള്ള ആക്ഷൻ ഗ്രൂപ്പ്, സംഘടിത കുറ്റ കൃത്യങ്ങൾ തടയുന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്ന പൊലീസ് സ്റ്റേഷനുകളിലെ പ്രത്യേക സെൽ, എസ്.എച്ച്.ഒമാർ എന്നിവരുടെ സംഘമാണ് റെയ്ഡുകളും മറ്റ് നടപടികളും സ്വീകരിച്ചുവരുന്നത്.
ജില്ലയിൽ പൊലീസ് സ്റ്റേഷൻ പരിധികളിൽ റെയ്ഡുകൾ തുടരാനും കേസുകൾ പരമാവധി രജിസ്റ്റർ ചെയ്യുന്നതിനും എല്ലാ എസ്.എച്ച്.ഒമാർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. കഞ്ചാവ് ഉൾപ്പെടെ മയക്കുമരുന്നുകൾ, ലഹരിവസ്തുക്കൾ എന്നിവയുടെ ഉറവിടം കണ്ടെത്തൽ, ഇവയുടെ വിതരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യൽ എന്നീ കാര്യങ്ങളിൽ പൊലീസ് നിരീക്ഷണവും
നടപടികളും ശക്തമായി തുടരുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ അനധികൃത വസ്തുവകകൾ ഉണ്ടെങ്കിൽ കണ്ടെത്തി തുടർനടപടി സ്വീകരിക്കും. മുൻ കുറ്റവാളികൾ, പ്രത്യേകം സംശയിക്കുന്നവർ എന്ന വിഭാഗക്കാർ പൊലീസ് സ്റ്റേഷൻ പരിധികളിൽ താമസിക്കുന്നുണ്ടെങ്കിൽ അത്തരക്കാരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾ കണ്ടെത്തി പ്രതികളെ പിടികൂടുന്നതിന് സ്പെഷൽ ആക്ഷൻ ഗ്രൂപ്, ക്രിമിനൽ ഇന്റലിജൻസ് എന്നിവ ചേർന്ന് സംയുക്ത നീക്കത്തിനും ഡാൻസാഫ് ടീം, പൊലീസ് സ്റ്റേഷനുകളിലെ സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രത്യേക സെല്ലുകൾ എന്നിവ പരമാവധി റെയ്ഡുകളിലൂടെ കേസുകൾ രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടാനും ഊർജിത ശ്രമം നടത്തിവരുന്നതായും ജില്ല പൊലീസ് മേധാവി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.