കഞ്ചാവ് കടത്ത്: എസ്.ഐയെ അപായപ്പെടുത്താൻ ശ്രമം, രണ്ടുപേർ പിടിയിൽ
text_fieldsതിരുവല്ല: കഞ്ചാവ് കടത്ത് പിടികൂടാനെത്തിയ എസ്.ഐയെ അപായപ്പെടുത്താൻ മാഫിയയുടെ ശ്രമം. സംഘത്തെ പിന്തുടർന്ന പൊലീസ് രണ്ടുപേരെയും വാഹനവും രണ്ടുകിലോ കഞ്ചാവും പിടികൂടി. വെള്ളിയാഴ്ച അർധരാത്രിയോടെ ആയിരുന്നു സംഭവം.
ജില്ല പൊലീസ് മേധാവിയുടെ ഷാഡോ സംഘവും തിരുവല്ല പൊലീസും കിലോമീറ്ററുകളോളം സാഹസികമായി പിന്തുടർന്നാണ് ഇവരെ പിടികൂടിയത്. വള്ളംകുളം പുത്തൻപറമ്പിൽ വിനീത് (28), കോഴിമല, തോട്ടപ്പുഴ കോന്നാത്ത് ഗൗതം (26) എന്നിവരാണ് പിടിയിലായത്. രണ്ടുപേർ ഓടിരക്ഷപ്പെട്ടു. റാന്നി ഭാഗത്തുനിന്ന് കഞ്ചാവുമായി തിരുവല്ലയിലേക്കു സംഘം പോകുന്നുവെന്ന് ജില്ല പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്ന് ഷാഡോ സംഘം രാത്രി 12 മുതൽ കാറിനെ പിന്തുടരുകയായിരുന്നു. ഇരവിപേരൂരിനു സമീപം വെണ്ണിക്കുളം റോഡിലെത്തിയപ്പോൾ തിരുവല്ല എസ്.ഐ അനീഷ് എബ്രഹാം ജീപ്പ് റോഡിനു കുറുകെയിട്ട് തടഞ്ഞു. ഇതുകണ്ട് കഞ്ചാവ് സംഘം കാർ പിന്നിട്ടെടുത്ത് ഓടിച്ചുപോകാൻ ശ്രമിച്ചു. കാറിൽ കയറിപ്പിടിച്ച എസ്.ഐ 30 മീറ്ററോളം കാറിനോടൊപ്പം ഓടിയെങ്കിലും വീണുപോയി. കൈക്ക് പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്.
രക്ഷപ്പെട്ട സംഘത്തെ എസ്.ഐയും ഷാഡോ സംഘവും പിന്തുടർന്ന് വള്ളംകുളം പാലത്തിനു സമീപംവെച്ച് തടയുകയായിരുന്നു. ഇവിടെവച്ചാണ് രണ്ടുപേർ ഓടിരക്ഷപ്പെട്ടത്. ഇരവിപേരൂരിലെ കഞ്ചാവ് റാക്കറ്റ് നേതാവാണ് പിടിയിലായ വിനീത്. ഇയാൾ മൂന്ന് മാസം മുമ്പും ഷാഡോ സംഘത്തിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ച് കഞ്ചാവുമായി രക്ഷപ്പെട്ടിരുന്നു. ഏഴ് കഞ്ചാവ് കടത്ത് കേസുകളിൽ പ്രതിയാണ് ഇവർ. എസ്.ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും കഞ്ചാവ് കടത്തിയതിനുമായി രണ്ട് കേസ് ഇവർക്കെതിരെ എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.