വർക്കലയിൽ കാർ കത്തിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ
text_fieldsവർക്കല: കരുനിലക്കോട്ട് കാർ കത്തിച്ച സംഭവത്തിലുൾപ്പെട്ട രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല കരുനിലക്കോട് ചരുവിള വീട്ടിൽ വിമൽ (27), കരുനിലക്കോട് വലിയവീട്ടിൽ പ്രദീപ് (33) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: തലശ്ശേരി സ്വദേശിയും വർക്കലയിൽ വിവാഹം കഴിച്ച് താമസിക്കുകയും ചെയ്യുന്ന സജീവിന്റെതാണ് അഗ്നിക്കിരയായ ഇൻഡിഗോ കാർ. ഇയാളുടെ ബന്ധു സിനുവുമൊന്നിച്ചാണ് ഞായറാഴ്ച രാത്രി കരുനിലക്കോട് കുന്നുംപുറം ഭദ്രാദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച ഗാനമേള കാണനെത്തിയത്. ഗാനമേളക്കിടെ ഇവർ ഡാൻസ് ചെയ്തതുമായി ബന്ധപ്പെട്ട് വാക്കേറ്റം നടന്നിരുന്നു. തുടർന്ന് യുവാക്കൾ കാറിന് മുന്നിൽ ബൈക്ക് പാർക്ക് ചെയ്ത് വഴി തടസ്സപ്പെടുത്തിയതാണ് അടിപിടിക്ക് കാരണം. നാട്ടുകാർ ചേർന്ന് ഇരു സംഘങ്ങളെയും പിരിച്ചുവിട്ടെങ്കിൽ വഴിമധ്യേ സംഘങ്ങൾ വീണ്ടും ഏറ്റുമുട്ടി. രാത്രി മാവിള ജങ്ഷനിൽ അടിപിടിയുണ്ടാക്കിയവരെ പൊലീസ് വിരട്ടി ഓടിച്ചു.
സജീബും സിനുവും ആശുപത്രിയിലേക്ക് പോകുംവഴി കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയും പാറക്കല്ല് വെച്ച് തലയ്ക്കിടിച്ച് പരിക്കേൽപിക്കുകയും ചെയ്തു. വിൻഡോ ഗ്ലാസുകൾ അടിച്ചുപൊട്ടിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചശേഷം അക്രമികൾ കടന്നുകളയുകയായിരുന്നു. പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പിടികൂടിയത്.
പ്രതികൾ പെട്രോൾ ബങ്കിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് കുപ്പിയിൽ പെട്രോൾ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. വർക്കല ഡിവൈ.എസ്.പി നിയാസ് പിയുടെ നേതൃത്വത്തിൽ വർക്കല സി.ഐ പ്രശാന്ത്, എസ്.ഐമാരായ അജിത്ത് കുമാർ, അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.