വിദ്യാർഥികളെ മർദ്ദിച്ചു; തമിഴ്‌നാട്ടിൽ കോച്ചിങ് സെന്‍റർ ഉടമക്കെതിരെ കേസ്
text_fieldsതിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ വിദ്യാർഥികളെ മർദ്ദിച്ച നീറ്റ് കോച്ചിങ് സെന്‍റർ ഉടമക്കെതിരെ കേസ്. ക്ലാസിൽ ഉറങ്ങിയെന്നാരോപിച്ചാണ് കോച്ചിങ് സെന്‍റർ ഉടമ ജലാൽ അഹമ്മദ് വിദ്യാർഥികളെ മർദിച്ചത്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ജലാൽ അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. അഹ്മദ് വടി ഉപയോഗിച്ച് വിദ്യാർഥികളെ അടിക്കുന്നതും വിദ്യാർഥിനികൾക്ക് നേരെ ചെരുപ്പ് എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ജീവനക്കാരിലൊരാളും ചില വിദ്യാർഥികളും മേലപ്പാളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
കഴിഞ്ഞ മാസമാണ് സംഭവം നടന്നതെങ്കിലും നിരവധി വിദ്യാർഥികളും ജീവനക്കാരും പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിഡിയോ പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം കണ്ണദാസൻ കോച്ചിങ് സെന്‍ററിലെത്തി അന്വേഷണം നടത്തി. കമീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നുള്ള ജലാൽ അഹമ്മദ് രണ്ട് വർഷം മുമ്പാണ് കോച്ചിങ് സെന്‍റർ ആരംഭിച്ചത്. ജലാൽ അഹമ്മദ് കർക്കശക്കാരനായിരുന്നെന്നും എന്നാൽ വിദ്യാർഥികളെ വേദനിപ്പിക്കാനായി ബോധപൂർവം ഒന്നും ചെയ്യില്ലെന്നുമാണ് കോച്ചിങ് സെന്‍റർ അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.