സഹപ്രവർത്തകന്‍റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സൈനികനെതിരെ കേസ്
text_fieldsജോദ്പൂർ: സഹപ്രവർത്തകന്‍റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് സൈനികനെതിരെ കേസ്. രാജസ്ഥാനിലെ ജോദ്പൂരിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ആക്രമണ വിവരം പുറത്തു പറഞ്ഞതിന് ദമ്പതികളെ ഭീഷണിപ്പെടുത്തുകയും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ നാല് സൈനിക ഉദ്യോഗസ്ഥർക്കെതിരേയും കേസെടുത്തിട്ടുണ്ട്. സംഭവം ശ്രദ്ധയിൽ പെട്ടതായി പ്രതിരോധ വക്താവ് ലെഫ്. കേണൽ അമിതാഭ് ശർമ പറഞ്ഞു.
പ്രതികൾക്കെതിരായ എഫ്.ഐ.ആർ പൊലീസ് സമർപ്പിച്ചു. അധികാരികൾ തെളിവെടുപ്പിനയച്ച സൈനിക പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾക്കെതിരെ കേസെടുക്കുന്നതിന് പകരം തന്നെയും ഭർത്താവിനെയും ഭീഷണിപ്പെടുത്തുകയും തെറ്റായ മൊഴി നൽകാൻ പ്രേരിപ്പിച്ചതായും യുവതി മൊഴി നൽകി.
കരസേനയിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന ഭർത്താവിനോടൊപ്പം കന്‍റോൺമെന്‍റ് ഏരിയയിലായിരുന്നു യുവതിയുടെ താമസം. യുവതി കുളിക്കുകയായിരുന്ന സമയത്ത് വീട്ടിലെത്തിയ സൈനിക ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. യുവതിയും ഭർത്താവും ചേർന്ന് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു.
വിവരം ഉടനെ തന്നെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും പുറത്തറിയിക്കരുതെന്നും പരാതിപ്പെടരുതെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നതായി സ്റ്റേഷൻ ഹൗസ് ഓഫീസർ ഭരത് റാവത്ത് പറഞ്ഞു. യുവതിയുടെ പരാതിയെ അടിസ്ഥാനപ്പെടുത്തിയാണ് റാവത്തിന്‍റെ പ്രതികരണം.
സംഭവം നടന്ന് രണ്ട് ദിവസങ്ങൾക്കകം ദമ്പതികൾ രണ്ട് മേജർമാർക്കും കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കുമെതിരെ സമീപത്തെ ലോക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി സൈനിക അധികാരികൾ അറിയിച്ചു. ലോക്കൽ പൊലീസിന്‍റെ അന്വേഷണത്തിന് പൂർണ പിന്തുണയുണ്ടാകുമെന്നും അധികാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.