മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ ട്രാഫിക് എസ്.ഐക്കെതിരെ കേസ്
text_fieldsതിരുവനന്തപുരം: മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് പാതയോരത്ത് പാർക്ക് ചെയ്ത രണ്ട് ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ച എസ്.ഐക്കെതിരെ കേസെടുത്തു. പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അനിൽകുമാറിനെതിരെയാണ് കേസെടുത്തത്.
ഞായറാഴ്ച രാത്രി എട്ടരയോടെ പട്ടത്തിന് സമീപം പൊട്ടക്കുഴിയിലായിരുന്നു സംഭവം. അനിൽകുമാർ ഓടിച്ച കാർ പാതയോരത്ത് പാർക്ക് ചെയ്ത ബൈക്ക് ഇടിച്ചിട്ടശേഷം മറ്റൊരു ബൈക്കിൽ ഇടിച്ച് ഏറെ ദൂരം നിരക്കിക്കൊണ്ടുപോയി. അപകടത്തിൽ കാറിെൻറ മുൻവശം തകർന്നു. ബൈക്കുകൾക്ക് സാരമായ തകരാർ സംഭവിച്ചു. ഒരു ബൈക്കിെൻറ ഇന്ധനടാങ്ക് തകർന്ന് റോഡിൽ ഇന്ധനം ഒഴുകി.
അപകടത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച അനിൽകുമാറിനെ നാട്ടുകാർ തടഞ്ഞുെവച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു അടക്കമുള്ളവർ സ്ഥലത്തെത്തി. കാറിെൻറ പിൻസീറ്റിൽ പൊലീസ് യൂനിഫോം കണ്ടതോടെ തടിച്ചുകൂടിയ ജനം രോഷാകുലരായി. മെഡിക്കൽ കോളജ് പൊലീസ് ബൈക്ക് ഉടമകളെ അനുനയിപ്പിച്ച് പ്രശ്നം ഒതുക്കാൻ ശ്രമിച്ചെങ്കിലും ചിലർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതോടെ പൊലീസ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തു. കാർ ക്രെയിൻ ഉപയോഗിച്ച് നീക്കി. അപകടത്തെ തുടർന്ന് പൊട്ടക്കുഴി-മുറിഞ്ഞപാലം ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു.
വൈദ്യപരിശോധനയിൽ അനിൽകുമാർ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. എസ്.െഎക്കെതിരെ കേസെടുത്തതായി മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനുള്ള കേസിനുപുറമേ ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടികളും ഉണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.