സ്വകാര്യ മെഡിക്കൽ കോളജിന് അനുകൂല വിധി നൽകിയ ഹൈകോടതി ജഡ്ജി അഴിമതിക്ക് കൂട്ടുനിന്നു; റിട്ടയർമെന്‍റിന് ശേഷം സി.ബി.ഐ കുറ്റപത്രം
text_fieldsന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളജിന് അനുകൂലമായി വിധി പുറപ്പെടുവിച്ച് അഴിമതിക്ക് കൂട്ടുനിന്നുവെന്ന കേസിൽ അലഹബാദ് ഹൈകോടതി റിട്ടയേഡ് ജഡ്ജി എസ്.എൻ. ശുക്ലക്ക് എതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ജഡ്ജിക്കെതിരായ കേസുമായി മുന്നോട്ടുപോകാമെന്ന സർക്കാർ അനുമതിക്കുശേഷമാണ് സി.ബി.ഐ കുറ്റപത്രം നൽകിയത്.
അലഹബാദ് ഹൈകോടതി ലഖ്നോ ബെഞ്ചിലെ ജസ്റ്റിസ് ശുക്ല, ഛത്തിസ്ഗഢ് ഹൈകോടതി റിട്ടയേഡ് ജഡ്ജി എം.ഖുദ്ദൂസി, സ്വകാര്യ മെഡിക്കൽ കോളജ് ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർക്കെതിരെ 2019ലാണ് അഴിമതി നിരോധന നിയമ പ്രകാരം സി.ബി.ഐ കേസെടുത്തത്.
മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതിെൻറ പേരിൽ പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അടക്കം 46 സ്ഥാപനങ്ങളെ വിദ്യാർഥി പ്രവേശനത്തിൽനിന്ന് കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. ഇതിനെതിരെ പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് സുപ്രീം കോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചു. ഇതിനു പിന്നാലെ കോടതിയുടെ അനുമതിയോടെ ഈ ഹരജി പിൻവലിച്ചു. ശേഷം അലഹബാദ് ഹൈകോടതി ലഖ്നോ ബെഞ്ചിൽ മറ്റൊരു ഹരജി നൽകി. ജസ്റ്റിസ് ശുക്ല അടങ്ങിയ ഈ ബെഞ്ച് പ്രസാദ് ട്രസ്റ്റിന് അനുകൂലമായി വിധി നൽകിയെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും അഴിമതി നടന്നുവെന്നുമാണ് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.