മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ സി.സി ടി.വി ദൃശ്യങ്ങൾ പ്രചരിക്കുന്നു
text_fieldsമൂവാറ്റുപുഴ: തൃക്കളത്തൂർ കാവുംപടിയിൽവീട്ടിൽനിന്ന് 25 പവനും പണവും കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതമായി തുടരുന്നതിനിടെ മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ സി.സി ടി.വി ദൃശ്യങ്ങൾ പ്രചരിക്കുന്നു. മോഷണം നടന്ന വീടിെൻറ പിറകുവശത്തേക്ക് പോകാൻ കഴിയുന്ന വഴിയിൽ ടർഫ് മൈതാനത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
കാമറയിലേക്കു ടോർച്ച് തെളിച്ചു നോക്കുന്നതും പിന്നീട് തലയും മുഖവും പൂർണമായി മൂടി നടന്നു പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. എന്നാൽ, ഇയാൾ തന്നെയാണോ മോഷ്ടാവ് എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
തൃക്കളത്തൂർ സൊസൈറ്റി പടി കല്പനമന്ദിരത്തിൽ വസന്തരാജിന്റെ വീട്ടിൽ നിന്നാണ് വെള്ളിയാഴ്ച പുലർച്ച 25 പവൻ സ്വർണാഭരണങ്ങളും 25000 രൂപയും മോഷണം പോയത്. വീട്ടിൽ വസന്ത രാജിന്റ ബന്ധുക്കൾ അടക്കം ഉള്ളപ്പോൾ വാതിലും അലമാരയും തകർക്കാതെയും ശബ്ദം ഇല്ലാതെയുമാണ് മോഷ്ടാവ് അകത്തു കടന്നിട്ടുള്ളതെന്നാണ് പൊലീസ് പറയുന്നത്.
പുലർച്ച 5.30ന് പ്രഭാത സവാരിക്കായി വീട്ടിൽനിന്ന് പുറത്തിറങ്ങിയ വസന്ത രാജ് തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവത്തിൽ പൊലീസും ഡോഗ് സ്ക്വാഡും ശാസ്ത്രീയ അന്വേഷണസംഘവും പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ, തുമ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.
മോഷണം പെരുകുന്നു: ഇരുട്ടിൽതപ്പി പൊലീസ്; തൃക്കളത്തൂരിൽ രാത്രി പട്രോളിങ് ശക്തമാക്കണമെന്ന്
മൂവാറ്റുപുഴ: തൃക്കളത്തൂർ മേഖലയിലെ ജനവാസ കേന്ദ്രത്തിലുണ്ടായ മോഷണം പ്രദേശവാസികളെ ആശങ്കയിലാക്കി. മൂവാറ്റുപുഴ- പെരുമ്പാവൂർ എം.സി റോഡിൽ തൃക്കളത്തൂർ സൊസൈറ്റി പടിയിൽ 60 മീറ്റർ മാത്രം ഉള്ളിലേക്കു മാറിയാണ് 25 പവൻ സ്വർണാഭരണങ്ങളും പണവും കവർച്ച നടന്ന കൽപന മന്ദിരത്തിൽ വസന്തരാജിെൻറ വീട് സ്ഥിതി ചെയ്യുന്നത്. അടുത്തടുത്തായി നിരവധി വീടുകളാണ് ഇവിടെയുള്ളത്. ഏതുസമയവും ആളുള്ള ജനസാന്ദ്രത ഏറിയ സ്ഥലത്ത് നടന്ന കവർച്ച ആളുകളെ ഭീതിയിലാഴ്ത്തി. മൂന്നു വർഷത്തിനിടെ നിരവധി മോഷണമാണ് ഇവിടെ നടന്നത്. എന്നാൽ, ഒരു കേസിൽ പോലുംപ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
2021 ഒക്ടോബറിൽ തൃക്കളത്തൂർ കാവുംപടി ഭഗവതി ക്ഷേത്രത്തിെൻറ ശ്രീകോവിലിൽ മോഷ്ടാക്കൾ കയറി. 2020ൽ ഇതേ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. 2018 ജൂലൈയിൽ തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മോഷ്ടാക്കൾ എത്തി വാതിലുകൾ തകർത്തു. തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തി മോഷണം നടന്നതും സമീപ നാളിലാണ്.
ബൈക്കിൽ എത്തി മാല കവർന്ന സംഭവങ്ങളും ഉണ്ടായി. ഇത്തരം പരാതികളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും തുടർനടപടികൾ ഇല്ല. മേഖലയിൽ രാത്രി പട്രോളിങ് അടക്കം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി. അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.