നെടുമ്പം പഞ്ചായത്തിൽ നടന്ന സി.ഡി.എസ് ഫണ്ട് തട്ടിപ്പ്; വിജിലൻസ് അന്വേഷണത്തിന് ശുപാർശ
text_fieldsതിരുവല്ല: സി.പി.എം ഭരിക്കുന്ന നെടുമ്പം ഗ്രാമപഞ്ചായത്തിൽ നടന്ന 69 ലക്ഷം രൂപയുടെ സി.ഡി.എസ് ഫണ്ട് തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് തിരുവല്ല ഡി.വൈ.എസ്.പി ജില്ല പൊലീസ് മേധാവിക്ക് കത്ത് നൽകി. സി.ഡി.എസ് ചെയർപേഴ്സൺ പി.കെ. സുജ, അക്കൗണ്ടന്‍റ് എ. സീനാമോൾ, മുൻ വി.ഇ.ഒ വിൻസി എന്നിവർക്കെതിരെ കുടുംബശ്രീ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ ക്രമക്കേടിെൻറ അടിസ്ഥാനത്തിൽ പൊലീസിൽ നൽകിയ പരാതിയുടെ ഭാഗമായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡി.വൈ.എസ്.പി എസ്.അഷാദ് ഇന്ന് ജില്ല പൊലീസ് മേധാവിക്ക് കത്ത് നൽകിയത്.
അന്വേഷണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഓഫീസിലെത്തിയ ഡി.വൈ.എസ്.പിയും ഭൂരേഖ തഹസിൽദാർ മിനി കെ. തോമസും അടങ്ങുന്ന സംഘവും ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന നാളെയും തുടരും. കോവിഡ് സഹായം, മുഖ്യമന്ത്രിയുടെ പ്രളയസഹായം, അഗതികളുടെ ഫണ്ട് , കാൻസർ ചികിത്സ സഹായം, ജനകീയ ഹോട്ടൽ നടത്തിപ്പ് തുടങ്ങിയവയിൽ അടക്കമാണ് ലക്ഷങ്ങളുടെ തിരിമറി നടന്നിരിക്കുന്നത്.
കുടുംബശ്രീ ഓഡിറ്റ് വിഭാഗത്തിൻറെ ആദ്യ റിപ്പോർട്ടിൻ പ്രകാരം 17 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് 2013 മുതലുള്ള 10 വർഷത്തെ കണക്കുകളും ഫയലുകളും ജില്ല മിഷൻ ഓഡിറ്റ് വിഭാഗം മൂന്ന് ആഴ്ച മുമ്പ് പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതിലാണ് 69 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. 2020 മുതൽ 23 വരെയുള്ള കാലഘട്ടത്തിലാണ് ക്രമക്കേടുകൾ ഏറെയും നടന്നതായാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.