ചന്ദ്രന്‍റെ കൊലപാതകം: നടുങ്ങി കുന്നത്തുകാട്
text_fieldsകല്ലടിക്കോട്: ചന്ദ്രന്‍റെ കൊലപാതകത്തിൽ നടുങ്ങി കരിമ്പ കുന്നത്തുകാട് ഗ്രാമം. ഞായറാഴ്ച രാവിലെ ആറോടെ വീടിനടുത്തുനിന്ന് ഒന്നര കി.മീ. ദൂരത്തെ കല്ലടിക്കോട് ചുങ്കത്ത് ചായക്കടയിൽ അയൽക്കാരും നാട്ടുകാരുമൊത്ത് ചായ കുടിച്ച് വീട്ടിലേക്കുവന്ന ചന്ദ്രൻ കൊല്ലപ്പെട്ടെന്ന വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ പങ്കുവെച്ചത്.
ടാപ്പിങ് തൊഴിലാളിയായും ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിരുന്ന ആളാണ് ചന്ദ്രൻ. മദ്യലഹരിയിൽ പലപ്പോഴും വീട്ടിൽനിന്ന് വഴക്ക് കേൾക്കാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. ഭാര്യാഭർത്താക്കന്മാർ തമ്മിലെ പിണക്കമായി മാത്രമേ അത് നാട്ടുകാർ ഗൗനിച്ചുള്ളൂ. ഞായറാഴ്ച രാവിലെ ഏഴരയോടെ ഭർത്താവ് ചന്ദ്രൻ വീണ് പരിക്കേറ്റെന്ന് ഭാര്യ ശാന്തയാണ് അയൽവാസികളോട് പറഞ്ഞത്. നാട്ടുകാർ ഉടൻ കല്ലടിക്കോട് പൊലീസിൽ വിവരമറിയിച്ചു. മകൾ ഒരാഴ്ച മുമ്പാണ് കുന്നത്ത്കാട് വീട്ടിൽ വന്ന് പോയത്. ചന്ദ്രനും ശാന്തയും കൂലിപ്പണിക്ക് പോവാറുണ്ട്. ഇരുവരും തമ്മിൽ കാര്യമായ പ്രശ്നമുള്ളതായി നാട്ടുകാർക്ക് അറിയില്ല. ഞായറാഴ്ച രാവിലെ പത്തരയോടെ ഡിവൈ.എസ്.പി മുരളീധരൻ, സി.ഐ ടി. ശശികുമാർ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.
കല്ലടിക്കോട് ചുങ്കത്തിനടുത്ത് മധ്യവയസ്കൻ മർദനമേറ്റ് മരിച്ചു
കല്ലടിക്കോട്: കല്ലടിക്കോട് ചുങ്കത്തിനടുത്ത് മധ്യവയസ്കൻ മർദനമേറ്റ് മരിച്ചു. കുന്നത്തുകാട് കുണ്ടൻ തരിശിൽ കോലോത്തും പള്ളിയാൽ ചന്ദ്രനെ (58) ആണ് വീടിന്റെ അടുക്കളയിൽ മരിച്ചനിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രന്‍റെ ഭാര്യ ശാന്തയെ (50) കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. കുടുംബ വഴക്കിനിടെ ശാന്ത വിറകുകൊള്ളി ഉപയോഗിച്ച് ഭർത്താവിന്റെ തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടിയുടെ ആഘാതത്തിൽ നിലത്തുവീണ ചന്ദ്രന്‍റെ തലക്ക് പിറകിലും കഴുത്തിലും സാരമായ പരിക്കുണ്ട്. രക്തം വാർന്നാണ് മരിച്ചതെന്നാണ് സൂചന. മദ്യപിച്ച് വരുന്ന ചന്ദ്രൻ പതിവായി മർദിച്ചിരുന്നുവെന്നും പീഡനം സഹിക്കാൻ വയ്യാതെയാണ് വിറകുകൊള്ളികൊണ്ട് തല്ലിയതെന്നും ശാന്ത പൊലീസിന് മൊഴി നൽകി. സംഭവം നടന്നയുടനെ, ശാന്ത അയൽവാസികളെ വിവരമറിയിച്ചിരുന്നു. ഭർത്താവിന് വീണ് പരിക്ക് പറ്റിയെന്നാണ് ഇവർ പറഞ്ഞത്.
അഗളി ഡിവൈ.എസ്.പി എം. മുരളീധരന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പാലക്കാട്ടുനിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവ് ശേഖരിച്ചു. മൃതദേഹം ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.