കുണ്ടറ ബോംബേറിൽ കുറ്റപത്രം: ഇ.എം.സി.സി ഡയറക്‌ടർ ഉൾപ്പെടെ നാലു പ്രതികൾ
text_fieldsകൊല്ലം: കഴിഞ്ഞ നിയമസഭ വോട്ടെടുപ്പ് ദിനത്തിൽ കുണ്ടറയിൽ ഡി.എസ്.ജെ.പി സ്ഥാനാർഥിയായിരുന്ന ഷിജു എം. വർഗീസിന്‍റെ കാറിന് നേരെ പെട്രോൾ ബോംബേറുണ്ടായ സംഭവം ആസൂത്രണംചെയ്‌ത കേസിൽ അന്വേഷകസംഘം കുറ്റപത്രം സമർപ്പിച്ചു. ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിൽ പെട്ട കമ്പനിയായ ഇ.എം.സി.സിയുടെ ഡയറക്‌ടർ ആയിരുന്ന ഷിജു വർഗീസ് ഉൾപ്പെടെ നാലുപേരെ പ്രതികളാക്കിയാണ് ആക്രമണനാടകം ആസൂത്രണം ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
കൊട്ടാരക്കര ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം കോടതിയിൽ ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്‍റെ നേതൃത്വത്തിലെ അന്വേഷണസംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. ഷിജു നാലാം പ്രതിയാണ്. തിരുവനന്തപുരം സ്വദേശികളായ വിനുകുമാർ, കൃഷ്ണകുമാർ, പാലക്കാട് സ്വദേശി ശ്രീകാന്ത് എന്നിവരാണ് ഒന്നുമുതൽ മൂന്നുവരെ പ്രതികൾ.
ആഴക്കടൽ വിവാദം കത്തിനിൽക്കെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്‌റ്റിസ് പാർട്ടിയുടെ കുണ്ടറയിലെ സ്ഥാനാർഥിയായെത്തിയ ഷിജു എം. വർഗീസിന്‍റെ കാറിന് നേരെ തെരഞ്ഞെടുപ്പ് ദിവസം പുലർച്ച 'പെട്രോൾ ബോംബ്' ആക്രമണമുണ്ടായി എന്നാണ് ആദ്യം പരാതിവന്നത്. എന്നാൽ, എൽ.ഡി.എഫ് സ്ഥാനാർഥി ജെ. മേഴ്‌സിക്കുട്ടിയമ്മയെ അപകീർത്തിപ്പെടുത്തി പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഷിജു എം. വർഗീസിന്‍റെ നേതൃത്വത്തിൽ സംഭവം ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി.
തുടർന്ന് ഷിജുവിനെയും സംഘത്തിനെയും അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ ചാത്തന്നൂർ എ.സി.പി നിസാമുദ്ദീൻ, ഗോപകുമാർ എന്നിവർക്കായിരുന്നു വിവിധ ഘട്ടങ്ങളിൽ അന്വേഷണചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.