ചാരുംമൂട് കള്ളനോട്ട് കേസ്; ഇടുക്കി സ്വദേശിയും അറസ്റ്റിൽ
text_fieldsചാരുംമൂട്: ചാരുംമൂട് കള്ളനോട്ട് കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഇടുക്കി ഉപ്പുതോട് ചിറ്റില കവലയിൽ പുലിക്കയത്ത് വീട്ടിൽ ദീപു ബാബുവിനെയാണ് (23) നൂറനാട് സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. പ്രധാന പ്രതി സീരിയൽ -സിനിമ നടനായ തിരുവനന്തപുരം നേമം കാരയ്ക്കമണ്ഡപം ശിവൻകോവിൽ റോഡ് സ്വാഹിത് വീട്ടിൽ ഷംനാദ് (ശ്യാം ആറ്റിങ്ങൽ -40), കൊട്ടാരക്കര വാളകം പാണക്കാട്ട് വീട്ടിൽ ശ്യാം ശശി (29), ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത് (49), ഈസ്റ്റ് കല്ലട മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊടുവിളമുറിയിൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർക്കാരാണ്മ അക്ഷയ് നിവാസിൽ ലേഖ (38) എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായിരുന്നു.
ഷംനാദ് ഇടുക്കി ജില്ലയിൽ കള്ളനോട്ട് വിതരണം ചെയ്തിരുന്നത് ദീപു ബാബു വഴിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടുലക്ഷം രൂപ കട്ടപ്പന കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ വെച്ച് ഒരുമാസം മുമ്പ് ദീപുവിന് കൈമാറിയിരുന്നു. കാരേറ്റ് ഭാഗത്തുവെച്ച് പച്ചക്കറിക്കടയിൽ വെച്ചുള്ള പരിചയമാണ് ഇരുവരും തമ്മിലുള്ളത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് ദീപു. ചിലർകൂടി ഉടൻ പിടിയിലാകുമെന്നും ആറു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് പറഞ്ഞു.
ദീപു ബാബുവിനെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടിയിലായ അഞ്ച് പേരിൽ കള്ളനോട്ട് വിതരണം ചെയ്ത നാലുപേരുടെ രണ്ട് വർഷത്തെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ആദ്യം പിടിയിലായ ലേഖ ജോലി ചെയ്തിരുന്ന സ്ഥാപനം കേന്ദ്രീകരിച്ചും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. നോട്ടുകളുടെ ഫോറൻസിക് പരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭിച്ചേക്കും. ഇതോടെ അന്വേഷണം വിപുലമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.