ചാരുംമൂട് കള്ളനോട്ട് കേസ്; സീരിയൽ നടൻ അടക്കം മൂന്നുപേർകൂടി അറസ്റ്റിൽ
text_fieldsചാരുംമൂട്: സൂപ്പർ മാർക്കറ്റിൽ 500ന്റെ കള്ളനോട്ട് മാറാനെത്തി യുവതിയും മുൻ പഞ്ചായത്ത് പ്രസിഡന്റും പിടിയിലായ കേസിൽ സീരിയൽ-സിനിമ നടൻ അടക്കം മൂന്നുപേർകൂടി അറസ്റ്റിൽ. നടൻ തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപം ശിവൻകോവിൽ റോഡ് സ്വാഹിത് വീട്ടിൽ ഷംനാദ് (ശ്യാം ആറ്റിങ്ങൽ -40), കൊട്ടാരക്കര വാളകം പാണക്കാട്ട് വീട്ടിൽ ശ്യാം ശശി (29), ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത് (49)എന്നിവരാണ് പിടിയിലായത്. ഈസ്റ്റ് കല്ലട മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊടുവിളമുറിയിൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർക്കാരാണ്മ അക്ഷയ് നിവാസിൽ ലേഖ (38) എന്നിവർ നേരത്തേ പിടിയിലായിരുന്നു. നാലര ലക്ഷത്തിന്റെ കള്ളനോട്ട് പിടിച്ചെടുത്തിട്ടുണ്ട്.
മൈസൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഷംനാദിനെ ശാസ്താംകോട്ടയിൽനിന്നാണ് സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് നാലുലക്ഷത്തിന്റെ കള്ളനോട്ടുകൾ കണ്ടെത്തി. ഷംനാദിന്റെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തെ വീട്ടില്‍ നടത്തിയ റെയ്ഡിൽ കള്ളനോട്ട് നിർമാണത്തിനുള്ള സാമഗ്രികൾ കണ്ടെടുത്തു. കള്ളനോട്ട് അച്ചടിക്കാൻ സാങ്കേതിക സഹായം നൽകിയത് ശ്യാമാണ്. ക്ലീറ്റസാണ് പ്രധാന ഏജന്റ്. എൻ.ഐ.എ അടക്കമുള്ള ഏജൻസികൾ അന്വേഷണത്തിന് എത്താൻ സാധ്യതയുണ്ടെന്നും നോട്ട് വിതരണം ചെയ്തവരെക്കുറിച്ച് അന്വേഷണം ശക്തമാക്കിയതായും പൊലീസ് പറഞ്ഞു. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സി.ഐ പി. ശ്രീജിത്ത്, എസ്.ഐ നിതീഷ്, ജൂനിയര്‍ എസ്.ഐമാരായ ദീപു പിള്ള, കെ.ആര്. രാജീവ്, രാജേന്ദ്രന്, എ.എസ്.ഐമാരായ പുഷ്പ ശോഭനന്, ബിന്ദുരാജ്, സി.പി.ഒമാരായ പ്രവീണ്‍, രഞ്ജിത്, അരുണ്‍, വിഷ്ണു, ബിജു, കൃഷ്ണകുമാര്‍, പ്രസന്ന, ശ്രീകല എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.