രാസ ലഹരിയുമായി അഞ്ചംഗ സംഘം പിടിയില്‍
text_fieldsകൊണ്ടോട്ടി: പുതുവത്സരാഘോഷത്തിനായെത്തിച്ച മാരക രാസ ലഹരി വസ്തുവായ എം.ഡി.എം.എയുമായി അഞ്ചംഗ സംഘം കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് തിരുവമ്പാടി ആനക്കാംപൊയില്‍ മങ്ങാട്ടുപറമ്പില് ജാനിസ് (34), കൊണ്ടോട്ടി പുളിക്കല്‍ അന്തിയൂര്‍കുന്ന് മങ്ങാട്ടീരി മുഹമ്മദ് ഷരീഫ് (31), നെടിയിരുപ്പ് മുസ് ലിയാരങ്ങാടി പാടത്ത് ഫാരിസ് (29), ഒളവട്ടൂര്‍ ചെറുമുറ്റം മുഹമ്മദ് ഷാഫി (36), നെടിയിരുപ്പ് മണ്ണാരംകുന്ന് വീട്ടില്‍ പ്രവീണ്‍ (30) എന്നിവരാണ് അറസ്റ്റിലായത്. വില്പനക്കായി സൂക്ഷിച്ച 15 ഗ്രാം എം.ഡി.എം.എയും ലഹരി വസ്തു കടത്തിക്കൊണ്ടുവന്ന കാറും തൂക്കി വില്‍ക്കുന്നതിനുള്ള ഇലക്ട്രിക് ത്രാസും പിടികൂടി.
പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സപീപത്തുവെച്ച് ചൊവ്വാഴ്ച രാത്രിയാണ് പിടിയിലായത്. വന്‍ ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നും ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് സംഘത്തിലെ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കേസില്‍ തുടരന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.
പിടിയിലായ ജാനിസ് ആലപ്പുഴ മാരാരിക്കുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയാണ്. ഷരീഫ് മലപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലടക്കം നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. എം.ഡി.എം.എ കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്, കൊടുവള്ളി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയായ ഷാഫി രണ്ടാഴ്ച മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഫാരിസിന്റെ പേരിലും കരിപ്പൂര്‍ സ്റ്റേഷനില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടി ഡി.വൈ.എസ്.പി കെ.സി. സേതു, കരിപ്പൂര്‍ പൊലീസ് ഇന്‍സ്പക്ടര്‍ അബ്ബാസലി, സബ് ഇന്‍സ്പക്ടര്‍ ജിഷില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമംഗങ്ങളും കരിപ്പൂര്‍ പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടി കേസില്‍ അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.