തോട്ടം മേഖല കേന്ദ്രീകരിച്ച് ശൈശവ വിവാഹങ്ങള്‍: തമിഴ്‌നാട്ടിലെത്തിച്ച് വിവാഹം നടത്തിയ ശേഷം തിരികെ കൊണ്ടുവരുകയാണ്
text_fieldsനെടുങ്കണ്ടം: ജില്ലയില്‍ തോട്ടം മേഖല കേന്ദ്രീകരിച്ച് ശൈശവ വിവാഹങ്ങള്‍ വ്യാപകമാകുന്നു. ജില്ലയില്‍നിന്ന് അതിര്‍ത്തി കടത്തി തമിഴ്‌നാട്ടിലെത്തിച്ച് വിവാഹം നടത്തിക്കൊടുത്തശേഷം തിരികെ കൊണ്ടുവരുകയാണ്. ഇതുമൂലം തുടര്‍പഠനത്തിനുള്ള അവസരം പലര്‍ക്കും നഷ്ടമാകുന്ന സാഹചര്യമാണ്. ലോക്ഡൗണ്‍ കാലത്ത് ഹൈറേഞ്ച് മേഖലയില്‍ മാത്രം ഡസനോളം വിവാഹങ്ങള്‍ നടന്നതായാണ് സൂചന. ശൈശവ വിവാഹം നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് ഇടപെട്ട് ഒരു വിവാഹം തടഞ്ഞിരുന്നു.
പൊലീസിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത നാളില്‍ 16 കാരിയുടെ വിവാഹം നടന്നതായി കണ്ടെത്തി. പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഈ വിവരം വീട്ടിലറിഞ്ഞതോടെ പെണ്‍കുട്ടിയുടെ പഠനം വീട്ടുകാര്‍ നിര്‍ത്തി വിവാഹം ചെയ്തയക്കുകയായിരുന്നു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയം മുതലാണ് തോട്ടം മേഖല കേന്ദ്രീകരിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം ഏറെയും നടന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതില്‍ അധികവും നെടുങ്കണ്ടം, ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ്. ഇവിടെ മാത്രം പത്തോളം വിവാഹം നടന്നതായാണ് അനൗദ്യോഗിക കണക്ക്. വിവാഹം തോട്ടം മേഖലയില്‍ നിശ്ചയിച്ച ശേഷം തമിഴ്‌നാട്ടിലെത്തിച്ച് നടത്തുന്നതിനാല്‍ നടപടി സ്വീകരിക്കുന്നതിന് നിയമപരമായ തടസ്സം പൊലീസിനുണ്ട്.
സമീപകാലത്ത് വിവാഹം നടത്തുന്നതിനായി ആലോചന നടക്കുന്ന വിവരം പുറത്ത് വന്നതോടെ പ്രദേശവാസികളായ ഏതാനും പേര്‍ എതിര്‍പ്പ് ഉയര്‍ത്തി. ഇതോടെയാണ് ശൈശവ വിവാഹ വിവരങ്ങള്‍ പുറത്തായത്. തമിഴ്‌നാട്ടില്‍ വിവാഹം നടത്തിയശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തിരികെ നാട്ടിലെത്തിക്കും. തുടര്‍ന്ന് പഠനം നിര്‍ത്തി ഏലത്തോട്ടത്തിലും മറ്റും ജോലിക്ക് അയക്കുന്നതായും പരാതികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.