ചിന്നമ്മ കൊലക്കേസ്; അവസാന നിമിഷംവരെ ഒപ്പംനിന്ന് സജി, ഞെട്ടലിൽ നാട്ടുകാർ
text_fieldsചെറുതോണി: നാരകക്കാനത്ത് ചിന്നമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ജനരോഷമിരമ്പി. പ്രതിയെ കൊണ്ടുവരുമെന്നറിഞ്ഞതുമുതൽ സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ശനിയാഴ്ച വൈകീട്ട് മൂന്നിന് എത്തിച്ചതോടെ അസഭ്യവർഷം കൊണ്ട് പാഞ്ഞടുത്ത നാട്ടുകാർ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. വളരെ പാടുപെട്ടാണ് പൊലീസ് നാട്ടുകാരിൽനിന്ന് രക്ഷിച്ചത്. കൃത്യംചെയ്തത് ഏങ്ങനെയെന്ന് ഒരു സങ്കോചവുമില്ലാതെയാണ് പ്രതി പൊലീസിന് വിവരിച്ചുനൽകിയത്. കഴിഞ്ഞ 23ന് നാരകക്കാനത്ത് കുമ്പിടിയാം മാക്കാൽ ചിന്നമ്മയുടെ വീട്ടിൽ ഉച്ചക്ക് 12.30നാണ് ചെന്നതെന്ന് പ്രതി സജി എന്ന് തോമസ് പറഞ്ഞു. വെള്ളം എടുക്കാൻ അടുക്കളയിൽ പ്രവേശിച്ച ചിന്നമ്മയുടെ മാല പ്രതി പൊട്ടിക്കാൻ ശ്രമിച്ചതായും ചിന്നമ്മ എതിർത്തപ്പോൾ വെട്ടിയതും തുടർന്ന് കമ്പിളിയെടുത്ത് മൂടിയശേഷം തീയിട്ടതും എങ്ങനെയെന്ന് കാണിച്ചുകൊടുത്തു. ഈ സമയവും ചിന്നമ്മക്ക് ജീവനുണ്ടായിരുന്നതായും അപ്പോൾ തലക്ക് വീണ്ടും അടിച്ചതായും പ്രതി വിശദീകരിച്ചു. നാല് സി.ഐമാരുടെ നേതൃത്വത്തിൽ നാല് ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ തടിയമ്പാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പ്രതി സ്വർണം പണയംവെച്ചതായി കണ്ടെത്തി. തുടർന്ന് പ്രതിയുടെ വീട്ടിലെത്തിയും തെളിവുകൾ ശേഖരിച്ചു. നാട്ടിൽ പൊതുരംഗത്ത് അറിയപ്പെട്ടിരുന്ന സജി നടത്തിയ അരുംകൊലയിൽ ഞെട്ടിയിരിക്കുകയാണ് ഗ്രാമം. അതെ സമയം പീഡനശ്രമം അടക്കം നടന്നിട്ടുണ്ടൊയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
അവസാന നിമിഷംവരെ ഒപ്പംനിന്ന് സജി; ഞെട്ടലിൽ നാട്ടുകാർ
കട്ടപ്പന: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ തലക്കടിച്ചുവീഴ്ത്തിയശേഷം ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയത് അയൽവാസിയായ സജിയാണെന്ന് അറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ. കൊലപാതകം നടന്നശേഷം പൊലീസ് അന്വേഷണത്തിന് എത്തുമ്പോൾ വീട്ടിലും പരിസരത്തും സജി സജീവമായി ഉണ്ടായിരുന്നു.
കഴിഞ്ഞ 23ന് ഉച്ചക്ക് 12.30നാണ് സംഭവം നടന്നതെങ്കിലും പ്രതി സജിയാണെന്ന് അറിയുന്നത് ഇന്നലെയാണ്. അതുവരെ സജിയെ നാട്ടുകാരോ, പൊലീസോ സംശയിച്ചിരുന്നില്ല. ഹോംനഴ്സ്, പൊതുപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന സജി അത്തരത്തിൽ ഒരു കൊലപാതകം നടത്തുമെന്ന് ആരും കരുതിയില്ല. കൊലപാതകം നടന്ന വീട്ടിൽ അന്വേഷണം നടക്കുമ്പോഴും ഒന്നും അറിയാത്ത ഭാവത്തിൽ സമീപത്തുനിന്നിരുന്നത് സംശയനിഴലിൽനിന്ന് മാറ്റാൻ ഇടയാക്കി. അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുവന്ന പൊലീസ് നായ് ചിന്നമ്മയുടെ വീട്ടിൽനിന്ന് മണംപിടിച്ച് ആദ്യം എത്തിയത് സമീപവാസിയായ വെട്ടിയാങ്കൽ സജിയുടെ വീട്ടിലാണ്. ഭാര്യ പിണങ്ങിപ്പോയശേഷം സജി ഒറ്റക്കാണ് താമസം. ഗ്യാസ് റിപ്പയറിന് സ്ഥാപനം നടത്തിയിരുന്നു. പിന്നീട് വീടുകളിൽ ഹോംനഴ്സായും ജോലിചെയ്തിട്ടുണ്ട്. സജി മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ശീലമുള്ള ആളാണെന്ന് സമീപവാസികളായ ചില യുവതികൾ വെളിപ്പെടുത്തിയതാണ് സജിയെ കുടുക്കാൻ പൊലീസിന് സഹായകമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.