ചിറക്കൽ വെടിവെപ്പും വീട് തകർക്കലും; അടിമുടി ദുരൂഹത
text_fieldsകണ്ണൂർ: ചിറക്കൽ ചിറക്ക് സമീപം വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ വളപട്ടണം പൊലീസിന് നേരെയുണ്ടായ വെടിവെപ്പിലും പ്രതിയുടെ വീടും വാഹനങ്ങളും തകർത്ത സംഭവത്തിലും അടിമുടി ദുരൂഹത. ചിറക്കൽചിറക്ക് സമീപം വില്ല ലേക് റിട്രീറ്റിൽ റോഷനെ തേടിയെത്തിയ എസ്.ഐ നിഥിൻ അടക്കമുള്ള അഞ്ചു പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് വെള്ളിയാഴ്ച രാത്രി പത്തോടെ പ്രതിയുടെ വീടിന്റെ മുകൾ നിലയിൽനിന്ന് വെടിവെപ്പുണ്ടായത്.
സംഭവത്തിൽ ഇയാളുടെ പിതാവ് ബാബു തോമസിനെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. പൊലീസിനെതിരെ മൂന്നുവട്ടം വെടിയുതിർത്ത ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. തറയിൽ കുനിഞ്ഞിരുന്നതിനാൽ മാത്രമാണ് വെടിവെപ്പിൽനിന്ന് രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
റോഷനായി തിരച്ചിൽ ഊർജിതം
രാത്രി വെടിവെപ്പ് നടക്കുമ്പോൾ വീട് തകർക്കപ്പെട്ടിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരുമായി ബന്ധമില്ലാത്ത കുടുംബമാണിവരുടേതെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി വീട്ടിൽ കയറി പരിശോധന നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പൊലീസ് സ്വീകരിച്ചില്ലെന്ന ആരോപണവുമുണ്ട്. വെടിവെപ്പിനിടെ ഓടിരക്ഷപ്പെട്ട റോഷനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
പൊലീസെത്തിയത് ഗുണ്ടകളെയും കൂട്ടി -ബാബു തോമസിന്റെ ഭാര്യ
അതേസമയം, പൊലീസ് ഗുണ്ടകളെയും കൂട്ടിയാണ് വന്നതെന്നും ഡിവൈ.എസ്.പിയാണെന്ന് പറഞ്ഞാണ് വാതിലിൽ മുട്ടിയതെന്നും ബാബു തോമസിന്റെ ഭാര്യ ലിന്റ പറഞ്ഞു. പൊലീസാണെങ്കിൽ സെർച് വാറന്റുണ്ടെങ്കിൽ മുൻവശത്തുടെ വരാൻ ആവശ്യപ്പെട്ടുവെങ്കിലും അതിന് തയാറാകാതെ ചിലർ മതിൽ ചാടിക്കടന്ന് മുകൾ നിലയിലേക്ക് പോവുകയായിരുന്നു. വാതിൽ ചവിട്ടിപ്പൊളിക്കാൻ നോക്കി.
ഗുണ്ടകളാണെന്ന് കരുതിയാണ് പൊട്ടിയ ജനൽ ഗ്ലാസിലൂടെ ആത്മരക്ഷാർഥം ബാബു തോമസ് മുകളിലോട്ട് വെടിവെച്ചതെന്നും ലിന്റ പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഭർത്താവിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയതെന്നും മർദിച്ചതായും വാഹനത്തിന്റെ ചില്ലുകളും സി.സി.ടി.വി കാമറകളും തകർത്തതായും ലിന്റ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.