ചിട്ടി തട്ടിപ്പ്: പണം നഷ്ടപ്പെട്ടവർ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിൽ
text_fieldsപൊൻകുന്നം: വനിത കൂട്ടായ്മ നടത്തിയ ചിട്ടിയിൽ ഒന്നരക്കോടിയോളം നഷ്ടപ്പെട്ടവർ പ്രതിഷേധവുമായി പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ.
സി.പി.എം മുൻ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള വനിത കൂട്ടായ്മയാണ് ചിട്ടി നടത്തിയത്. സ്റ്റേഷനിൽ മുമ്പ് നടത്തിയ ഒത്തുതീർപ്പനുസരിച്ച് പണം കൊടുത്തുതീർക്കുമെന്നറിയിച്ച ശനിയാഴ്ച നടപടിയുണ്ടാകാത്തതിനാലാണ് ജനങ്ങൾ പ്രതിഷേധിച്ചത്.
ശനിയാഴ്ച ചിട്ടിനടത്തിപ്പുകാർ 5,40,000 രൂപ കൊണ്ടുവന്നു. പരാതിക്കാർക്ക് 3000 രൂപവീതം നൽകാൻ മാത്രമേ തികഞ്ഞുള്ളൂ. അയൽക്കൂട്ടത്തിന്റെ പേരിൽ അനൗദ്യോഗികമായി ചിറക്കടവ് രണ്ടാംവാർഡിൽ മുൻ പഞ്ചായത്ത് അംഗമായ വനിത ഉൾപ്പെടെ ഒമ്പത് വനിതകൾ ചേർന്ന് നടത്തിയ ചിട്ടിയിലാണ് മേഖലയിലെ സാധാരണക്കാരായ കുടുംബങ്ങൾക്ക് ഒന്നരക്കോടി നഷ്ടപ്പെട്ടത്. അനൗദ്യോഗികമായി നടത്തിവന്ന ചിട്ടി പിന്നീട് ഏതാനും സ്ത്രീകൾ സ്വന്തംനിലയിൽ കൈകാര്യം ചെയ്യുകയായിരുന്നു. കുടുംബശ്രീയുടെ പേരിൽ രജിസ്ട്രേഷനില്ലാതെ മുൻപഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർ നടത്തിയ ചിട്ടിയിൽ 154 പേർ ചേർന്നിരുന്നു.
ഒരുലക്ഷം രൂപയോളം ഓരോ അംഗങ്ങളും അടച്ചിരുന്നു. ചിട്ടി കിട്ടിയവർക്കാർക്കും പണം നൽകിയില്ല. മുൻപഞ്ചായത്ത് അംഗം 20 ലക്ഷം രൂപയിലേറെയും മറ്റൊരു സ്ത്രീ 37 ലക്ഷം രൂപയും മറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക മറ്റുള്ളവരുടെ കൈയിലുമായി. ഇവരിൽ ചിലർ പണം കിട്ടാനുള്ളവർക്ക് പ്രോമിസറി നോട്ടെഴുതി നൽകാൻ തയാറായതോടെയാണ് താൽക്കാലികമായി പ്രതിഷേധത്തിന് പരിഹാരമായത്.
പ്രതികൾക്കെതിരെ ശക്തമായ നടപടി വേണം
പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ലക്ഷക്കണക്കിന് രൂപയുടെ ചിട്ടി തട്ടിപ്പിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തി പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. അഭിലാഷ് ചന്ദ്രൻ, സി.ജി. രാജൻ, സനോജ് പനക്കൽ, അഡ്വ. സുരേഷ് ടി. നായർ, ടി.കെ. ബാബുരാജ്, ഷിഹാബ് കോയിപ്പള്ളി എന്നിവർ സംസാരിച്ചു.
പൊൻകുന്നം: ശാന്തിഗ്രാം കോളനി കേന്ദ്രീകരിച്ച് കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ജി. ഹരിലാൽ ആവശ്യപ്പെട്ടു. കുടുംബശ്രീയുടെ മറവിൽ സാധാരണക്കാരെയാണ് മുൻപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വഞ്ചിച്ചത്. ഇവരുടെ പരാതി വാങ്ങാൻപോലും പൊലീസ് തയാറാകുന്നില്ല. പൊലീസ് രാഷ്ട്രീയസമ്മർദത്തിന് വഴങ്ങി ഏകപക്ഷീയമായി പെരുമാറുകയാണെന്നും ബി.ജെ.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.