പള്ളികൾ കേന്ദ്രീകരിച്ച് മോഷണം: പ്രതി പിടിയിൽ
text_fieldsനിലമ്പൂർ: പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. അരീക്കോട് സ്വദേശി താന്നിപ്പറ്റ മുഹമ്മദ് ഫൈറൂസ് (24) ആണ് അറസ്റ്റിലായത്. ഒക്ടോബർ 22ന് വൈകീട്ട് നാലിന് നിലമ്പൂർ കോവിലകം റോഡിലുള്ള പുതിയ പള്ളിയിൽ നമസ്കാരത്തിനെത്തിയ ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി പള്ളിവളപ്പൻ അഷറഫിെൻറ ബൈക്ക് മോഷണം പോയ സംഭവത്തിൽ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ചാണ് പ്രതി മോഷ്ടിച്ച ബൈക്ക് സഹിതം പിടിയിലായത്.
അടുത്തിടെ ജില്ലയിലെ വിവിധ പള്ളികളിൽ നിന്ന് പണവും മൊബൈൽ ഫോണും ബൈക്കുകളും മോഷണം പോകുന്നത് പതിവായതോടെ നിലമ്പൂർ ഡിവൈ.എസ്.പി സജു കെ. അബ്രഹാമിെൻറ കീഴിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രദേശത്തെ സി.സി.ടി.വികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോട്ടക്കൽ പള്ളിയിലെ നേർച്ചപ്പെട്ടി പൊളിച്ച് പണം മോഷ്ടിച്ചതും കാടാമ്പുഴയിലെ പള്ളിയിൽ നിന്ന് 16,000 രൂപയും മൊബൈൽ ഫോണും മറ്റും മോഷ്ടിച്ചതും പ്രതി നിലമ്പൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് എന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. 13ന് അരീക്കോട് ഉഗ്രപുരത്തെ പള്ളിയിൽ നമസ്കാരത്തിനു വന്ന ആളുടെ സ്കൂട്ടറും സമാന രീതിയിൽ മോഷണം പോയിരുന്നു.
കോഴീക്കോട് ഭാഗത്തെ റെയിൽവേ സ്റ്റേഷനുകളും ലോഡ്ജുകളും ബസ് സ്റ്റാൻഡുകളും ആശുപത്രികളും കേന്ദ്രീകരിച്ചു പ്രത്യേക സംഘം നിരീക്ഷണം നടത്തി വരുന്നതിനിടയിലാണ് മോഷ്ടിച്ച ബൈക്ക് സഹിതം പ്രതി പിടിയിലായത്. കോഴിക്കോട് മൊയ്ദീൻ പള്ളിയിലും കാവനൂരിലെ പള്ളിയിലും മോഷണം നടത്തിയതിന് പ്രതി മുൻപ് ജയിലിലടക്കപ്പെട്ടിട്ടുണ്ട്. വീടുവിട്ടുകറങ്ങി നടക്കുന്ന പ്രതി ലഹരി വസ്തുക്കൾ വാങ്ങുന്നതിനും അടിച്ചുപൊളിക്കാനുമാണ് മോഷണം നടത്തിയിരുന്നത്. നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനു, എസ്.ഐമാരായ നവീൻ ഷാജ്, എം. അസ്സൈനാർ, കെ.സി. കുഞ്ഞുമുഹമ്മദ്, എസ്.പി.സി. ഒ. മുഹമ്മദാലി, സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.