സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്; മുൻകൂർ ജാമ്യത്തിന് ശ്രമം
text_fieldsകോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്. പരാതി ഉയർന്നയുടൻ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് അറിയുന്നത്. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫാണ്. കോഴിക്കോട് ജില്ല കോടതി വഴി സിവിക് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. എവിടെയെന്നതിനെക്കുറിച്ച് വിവരം കിട്ടിയെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
അധ്യാപികയും എഴുത്തുകാരിയുമായ യുവതിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവർഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസ്. പരാതിക്കാരിയുടെ വിശദമായ മൊഴി വടകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഇവരെ എത്തിച്ച് തെളിവെടുപ്പും പൂര്‍ത്തിയാക്കി. സാക്ഷികളിൽനിന്നുള്ള മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.
അതേസമയം, സിവിക് ചന്ദ്രനെ പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് ദലിത് സംഘടനകളുടെ ആരോപണം. അറസ്റ്റ് ഇനിയും വൈകിയാൽ ഉത്തരമേഖല ഐ.ജിയുടെ ഓഫിസിന് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങാനാണ് ദലിത് സംഘടനകളുടെ നീക്കം. ഏപ്രിൽ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.