വിയ്യൂർ ജയിലിലെ സംഘർഷം: കൊടി സുനിയുടെ മൊഴിയെടുത്തു, പൊലീസ് റിപ്പോർട്ട് കോടതിയിലേക്ക്
text_fieldsതൃശൂര്‍: വിയ്യൂർ ജയിലിൽ തടവുകാർ ജീവനക്കാരെ ആക്രമിക്കുകയും ഓഫിസ് തകർക്കുകയും ചെയ്ത സംഭവത്തിലും കൊടി സുനിയെ ജയിൽ ജീവനക്കാർ മർദിച്ചുവെന്ന പരാതിയിലും പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്തദിവസം പൊലീസ് കോടതിയിൽ സമർപ്പിക്കും. കേസിൽ തുടർ നടപടികൾക്കായി പൊലീസ് നിയമോപദേശം തേടിയിരുന്നു. ഞായറാഴ്ചയാണ് ജയിലിൽ ഭക്ഷണത്തെ ചൊല്ലി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തെ കാട്ടുണ്ണി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘവും ചേരി തിരിഞ്ഞ് അക്രമമുണ്ടാക്കിയത്. അഡീഷനൽ പ്രിസൺ ഓഫിസർ അർജുൻദാസ് ചില്ലുകൊണ്ടുള്ള കുത്തേറ്റ് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് നാല് ജീവനക്കാർക്കും പരിക്കേറ്റു. ആക്രമണം ആസൂത്രിതമെന്നാണ് സംശയിക്കുന്നത്. സംഘം ലഹരിയിലായിരുന്നുവെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു. ഇക്കാര്യം കൂടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്.
അതിനിടെ കണ്ണിൽ മുളക് തേച്ച് ഉദ്യോഗസ്ഥർ മർദിച്ചുവെന്ന കൊടിസുനിയുടെ ബന്ധുക്കളുടെ പരാതിയിൽ വിയ്യൂർ പൊലീസ് സുനിയുടെ മൊഴി രേഖപ്പെടുത്തി. ജയിൽ അടുക്കളയിൽ വെച്ച് 25ഓളം ഉദ്യോഗസ്ഥർ കെട്ടിയിട്ട് കണ്ണിൽ മുളക് പൊടി തേച്ച് ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. സുനിയുടെ ബന്ധുക്കൾ മെഡിക്കൽ കോളജിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഇവർ പരാതി നൽകി.
എന്നാൽ, കൊടി സുനിയെ മർദിച്ചെന്ന ആരോപണം ജയിൽ അധികൃതർ നിഷേധിച്ചു. തടവുകാര്‍ രണ്ടുസംഘങ്ങളായി നടത്തിയ ഏറ്റുമുട്ടലിലാണ് കൊടി സുനിക്ക് പരിക്കേറ്റതെന്നാണ് ജയിലധികൃതർ പറയുന്നത്. കൊടി സുനിയാണ് ജയിൽ അധികൃതരെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.