റോഡിൽ ഏറ്റുമുട്ടൽ, ജീപ്പിനുനേരെ പെട്രോൾ ബോംബേറ്
text_fieldsകോഴിക്കോട്: ചേരിതിരിഞ്ഞ് റോഡിൽ ഏറ്റുമുട്ടുകയും മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിനുനേരെ പെട്രോള്‍ ബോംബെറിയുകയും ചെയ്തതടക്കം, മൂന്ന് കേസിലുൾപ്പെട്ട 13 അംഗ ക്വട്ടേഷൻ സംഘം പിടിയിൽ.
പൂവാട്ട്പറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് ബഷീർ (42), ഷഹബാസ് അഷ്റഫ് (25), കേളൻപറമ്പ് അസ്കർ (35), പുറായിൽ ഹൗസിൽ ഷാഹുൽ ഹമീദ് (20), കളരിപുറായിൽ അർഷാദ് (25), ചെറൂപ്പ കോടഞ്ചേരി വീട്ടിൽ ഫവാസ് (24), പെരിയങ്ങാട് താടായിൽ വീട്ടിൽ അബ്ദുൽ റാസിഖ് (40), കുറ്റിക്കാട്ടൂർ മേലേ അരയങ്കോട് മുനീർ (42), തീർത്തക്കുന്ന് അരുൺ (25), പെരുമണ്ണ പനച്ചിങ്ങൽ റോഡ് മുഹമ്മദ് അജ്നാസ് (23), തറോൽ പുളിക്കൽതാഴം യാസർ അറാഫത്ത് (28) എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതിയായ അർജുൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡിസ്ചാർജ് വാങ്ങുന്നതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. മറ്റൊരു പ്രതി ഗിരീഷ് കഴിഞ്ഞ ദിവസം റിമാൻഡിലായി.
പൂവാട്ടുപറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ ‘ബി കമ്പനി’ ക്വട്ടേഷൻ സംഘാംഗങ്ങളാണ് പിടിയിലായവർ. സംഘത്തലവൻ മുഹമ്മദ് ബഷീറിനൊപ്പം മുമ്പൊരു കേസിൽ പ്രതിയായിരുന്ന അജ്മൽ കേസിൽ ഹാജരാവാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം തിങ്കളാഴ്ച രാത്രി 11ന് പൂവാട്ടുപറമ്പിൽ നടുറോഡിൽ ചേരിതിരിഞ്ഞ് മാരകായുധങ്ങളുമായി ഏറ്റുമുട്ടുന്നതിൽ കലാശിച്ചിരുന്നു.
സംഭവത്തിൽ പരിക്കേറ്റവരെയുമായി ജീപ്പിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ മുഹമ്മദ് ബഷീറിന്റെ സംഘത്തെ പിന്തുടർന്നെത്തിയ മറുചേരിയിൽപെട്ടവർ അത്യാഹിത വിഭാഗത്തിനു സമീപം നിർത്തിയിട്ട ജീപ്പിനുനേരെ പെട്രോൾ നിറച്ച ബിയർ കുപ്പി എറിയുകയായിരുന്നു. ജീപ്പിൽ ഉണ്ടായിരുന്നവർ തലനാരിഴക്കാണ് അത്യാഹിതത്തിൽനിന്ന് രക്ഷപ്പെട്ടത്. സമീപമുണ്ടായിരുന്ന ആംബുലൻസ്, ടാക്സി ഡ്രൈവർമാർ പെട്ടെന്ന് അണച്ചതിനാലാണ് വാഹനം കത്തിച്ചാമ്പലാകാതിരുന്നത്.
കഴിഞ്ഞ വർഷം ചേവായൂർ സ്റ്റേഷൻ പരിധിയിൽ സി.പി.എം പ്രവർത്തകന്റെ വീട്ടിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രതിയാണ് ചികിത്സയിലുള്ള അരുൺ. ഭൂരിഭാഗം പ്രതികളും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികളാണ്. ബഷീറിന് കുന്ദമംഗലം, മെഡിക്കൽ കോളജ്, മാവൂർ തുടങ്ങിയ സ്റ്റേഷനുകളിൽ പോക്സോ, അടിപിടി അടക്കം നിരവധി കേസുകളുണ്ട്. ഇയാൾ ഫോർവേഡ് ബ്ലോക്കിന്റെ സംസ്ഥാന ഭാരവാഹിയാണെന്ന് പറഞ്ഞാണ് പല പ്രശ്നങ്ങളിലും ഇടപെട്ട് സെറ്റിൽമെന്റ് നടത്താറുള്ളത് എന്ന് പൊലീസ് അറിയിച്ചു.
ഡി.സി.പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, എസ്.സി.പി.ഒ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയത്ത്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം, മെഡിക്കൽ കോളജ് സ്റ്റേഷനിലെ എസ്.ഐമാരായ രാധാകൃഷ്ണൻ, കെ. പ്രദീപ്, മനോജ് കുമാർ, ബാബു, എ.എസ്.ഐ ബൈജു, എസ്.സി.പി.ഒ ശ്രീകാന്ത്, സി.പി.ഒമാരായ ശരൺ, പ്രജീഷ്, ദിവാകരൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.