സഹകരണ ബാങ്ക് അഴിമതി: വിജിലൻസ് അന്വേഷണം തുടങ്ങി
text_fieldsപറവൂർ: താലൂക്ക് സഹകരണ ബാങ്കിലെ അഴിമതി സംബന്ധിച്ച പരാതിയിൽ വിജിലൻസ് കൊച്ചി യൂനിറ്റ് നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ ജിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ബാങ്കിലെത്തി വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് പറവൂർ സഹകരണ അസി. രജിസ്ട്രാർ ഓഫിസിലെത്തിയ സംഘം പരാതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടി. ഫയലുകളും വിശദ റിപ്പോർട്ടും ഒരാഴ്ചക്കകം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
വിജിലൻസിന് പരാതി നൽകിയ ബാങ്ക് അംഗം എൻ. മോഹനന്റെ മൊഴി സംഘം രേഖപ്പെടുത്തി. മുൻ പ്രസിഡന്റുമാരായ ടി.വി. നിഥിൻ, ഇ.പി. ശശിധരൻ, നിലവിലെ പ്രസിഡൻറ് കെ.എ. വിദ്യാനന്ദൻ, മുൻ സെക്രട്ടറി പി. കൃഷ്ണകുമാർ, നിലവിലെ സെക്രട്ടറി കെ.എസ്. ജയശ്രീ, ഭരണ സമിതി അംഗങ്ങൾ അടക്കം 23 പേർ കേസിൽ എതിർകക്ഷികളാണ്. ആദായ നികുതി ഇടപാടിലെ തട്ടിപ്പ്, ബാങ്ക് അംഗങ്ങൾക്ക് സൗജന്യമായി അരി വിതരണം ചെയ്തതിലെ വെട്ടിപ്പ്, ഭരണ സമിതി അംഗങ്ങളുടെ ഭൂമി ഇടപാടുകൾ അടക്കമുള്ള പരാതികളാണ് മോഹനൻ വിജിലൻസിനും സഹകരണ വകുപ്പിനും നൽകിയത്. ഇതുകൂടാതെ ഹൈകോടതിയിൽ നൽകിയ പരാതിയിൽ കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം നടക്കുന്നുണ്ട്. റിപ്പോർട്ട് ഉടൻ ഹൈകോടതിയിൽ സമർപ്പിക്കുമെന്നറിയുന്നു. പാർട്ടിക്കാർ നൽകിയ പരാതിയിൽ സി.പി.എം നടത്തിയ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഴിമതിയിൽ മുങ്ങിയ ഭരണസമിതി രാജിവെക്കണവെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എതിർകക്ഷികളിൽ നാലുപേർ സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.